പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം ശക്തമാക്കി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ. പദ്ധതി മൂലം പ്രതിസന്ധിയിലായ ബസ് വ്യവസായത്തെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കും. വിദ്യാർഥി കൺസെഷൻ നിരക്ക് വർധിപ്പിക്കുക, സാധാരണ ടിക്കറ്റ് നിരക്ക് കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാനാണ് ബസുടമകളുടെ തീരുമാനം.
രാവിലെ പത്തുമണിക്കാണ് സമരം ആരംഭിക്കുന്നത്. ദിവസവും രണ്ടുപേർ വീതം നിരാഹാരമിരിക്കും. നിലവിൽ സർവീസ് നിർത്തിവെച്ചുള്ള സമരത്തിന് ബസുടമകൾ തയ്യാറായിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ മാത്രമേ പണിമുടക്കിലേക്ക് കടക്കൂവെന്നാണ് അവരുടെ നിലപാട്.
പ്രിയദർശിനി പദ്ധതി നടപ്പാക്കിയതോടെ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് ബസുടമകളുടെ ആരോപണം. പത്മനാഭൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകൾ നടപ്പാക്കണമെന്നും വിദ്യാർഥികളുടെ കൺസെഷൻ നിരക്കിനൊപ്പം സാധാരണ ടിക്കറ്റ് നിരക്കും വർധിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.
സർക്കാരുമായി നടത്തിയ ചർച്ചകളിൽ അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കാൻ ബസുടമകൾ തീരുമാനിച്ചത്.








