നെടുമ്പാശേരി വാഹനാപകടക്കേസില്‍ പ്രതിയായ സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്കൂളില്‍ തന്നെ തുടരും. സുഹൈലിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റണമെന്ന ബോസ്റ്റണ്‍ സ്കൂള്‍ അധികൃതരുടെ അപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി തള്ളി. സുരക്ഷാ ഭീഷണി ചൂണ്ടികാട്ടിയാണ് സൂപ്രണ്ട് അപേക്ഷ നല്‍കിയത്.
നാല് പ്രതികളുടെയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. നിലവില്‍ കാക്കനാട് ജയിലിനോട് ചേര്‍ന്നുള്ള ബോസ്റ്റല്‍ സ്കൂളിലാണ് പ്രതികളുള്ളത്. ഒന്നു മുതല്‍ നാലുവരെ പ്രതികളായ സുഹൈല്‍ സജീവ്, നിനവ്, ജോയല്‍, അമീന് എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.
ഈ മാസം 11ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം. മദ്യലഹരിയില്‍ അമിതവേഗതയിലെത്തിയ മിനി കൂപ്പര്‍ കാറിടിച്ച് ഇയാസ്, ദേവിക, ഗോപിക എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
105 -ാം വകുപ്പ് പ്രകാരമുള്ള കുറ്റകരമായ നരഹത്യ ചുമത്തിയിരിക്കുന്നത് നിലനില്‍ക്കില്ലെന്നാണ് പ്രതിഭാഗം വാദിച്ചത്. ദൃക്സാക്ഷി പോലും ഇല്ലാത്ത കേസില്‍ ആദ്യം എഫ്.ഐ.ആര് ഇട്ടപ്പോള്‍ തന്നെ ഈ വകുപ്പ് ചുമത്തുകയായിരുന്നുവെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.
അപകട സമയത്ത് പ്രതികള്‍ അമിതമായി മദ്യപിച്ചിരുന്നു. ഇതിന് തെളിവുകള്‍ ഉണ്ട്. പ്രതികളുടെ പ്രായം കണക്കിലെടുക്കുന്നതോടൊപ്പം കൊല്ലപ്പെട്ടവരുടെ പ്രായവും കണക്കിലെടുക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന് വാദിച്ചു. ഒന്നാം പ്രതിയുടെ രക്തത്തില്‍ 161മില്ലി ഗ്രാമും മൂത്രത്തില്‍ 230 മില്ലി ഗ്രാമും ആല്‍ക്കഹോളിന്റെ അംശം പരിശോധനയില്‍ കണ്ടെത്തിയതിന്റെ ലാബ് റിപ്പോര്‍ട്ടുകളും പ്രോസിക്യൂഷന് ഹാജരാക്കി. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്







