നെടുമ്പാശ്ശേരിയിൽ അമിത വേഗത്തിൽ എത്തിയ മിനികൂപ്പറിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികളുൾപ്പെടെ മൂന്ന് പേർ മരിച്ചു. വയനാട് സ്വദേശിനി ദേവിക (21), പാലക്കാട് സ്വദേശിനി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്. അപകടത്തിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ സുഹൈൽ സജീവിനെ നാട്ടുകാർ പിടികൂടി. ഇയാളെ നെടുമ്പാശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ട് മണിയോടെ അത്താണി സിഗ്നലിന് സമീപത്തായിരുന്നു അപകടം. വിമാനത്താവള ഭാഗത്തുനിന്ന് അമിത വേഗത്തിൽ വന്ന കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നൂറ് മീറ്ററോളം സ്കൂട്ടറിനെ കാർ റോഡിലൂടെ നിരക്കി. സ്കൂട്ടറിൽ സഞ്ചരിച്ച മൂന്നു പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചതായി സംശയമുണ്ട്.
അമിത വേഗത ചോദ്യംചെയ്ത നാട്ടുകാരോട് ഇയാൾ തട്ടിക്കയറിയതായി ആരോപണമുണ്ട്. എയർപോർട്ട് റോഡിൽ അമിത വേഗത്തിൽ വാഹനം ഓടിച്ചാൽ എന്താണ് തെറ്റെന്ന് ഇയാൾ ചോദിച്ചതായും എന്തുവന്നാലും വീട്ടുകാർ നോക്കിക്കോളും എന്ന് പറഞ്ഞതായും ദൃക്സാക്ഷികൾ ആരോപിച്ചു. രാജഗിരിയിൽ ബി.കോം വിദ്യാർഥിയാണ് സുഹൈൽ സജീവ്. അപകടത്തിൽപ്പെട്ട വാഹനം നെടുമ്പാശ്ശേരി പൊലിസ് സ്റ്റേഷനിലേക്ക് മാറ്റി. തൃക്കാക്കരയിലെ ഒരു ഷോപ്പിലെ ജീവനക്കാരാണ് മരിച്ചവരെന്നാണ് പ്രാഥമിക വിവരം.







