പ്രായപൂർത്തിയാകാത്തവർക്ക് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലുള്ള പ്രവേശനത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രിംകോടതി. സർക്കാർ വിഷയം പരിഹരിച്ചില്ലെങ്കിൽ നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കുട്ടികളുടെ സമൂഹമാധ്യമ ഉപയോഗത്തിൽ സുരക്ഷാ നടപടികൾ ആവശ്യപ്പെട്ട് ജസ്റ്റ് റൈറ്റ്സ് ഫോർ ചിൽഡ്രൻ അലയൻസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.
12-15 വയസ് പ്രായമുള്ള കുട്ടികളെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ട് തുടങ്ങാൻ അനുവദിക്കുന്നതിനെ ജസ്റ്റിസ് ബാഗ്ചി വിമർശിച്ചു. 18 വയസ്സ് എന്ന കുറഞ്ഞ പ്രായപരിധി ലംഘിക്കപ്പെടാത്ത വിധത്തിൽ അംഗത്വ നടപടികൾ ക്രമീകരിക്കാൻ സമൂഹമാധ്യമ കമ്പനികൾ തയാറാകണമെന്നും ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
പ്ലാറ്റ്ഫോമുകൾ ഇന്ത്യൻ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ ‘സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ്’ പ്രകാരം സർക്കാർ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറലിനോട് ബെഞ്ച് ആവശ്യപ്പെട്ടു. വിഷയം വേണ്ടവിധം പരിഹരിക്കപ്പെട്ടില്ലെങ്കിൽ കോടതിക്ക് നിർദേശങ്ങൾ പുറപ്പെടുവിക്കേണ്ടിവരുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
സാമൂഹിക മാധ്യമ കമ്പനികൾക്ക് നിയമപരമായ സംരക്ഷണം നൽകുന്ന ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 79-ാം വകുപ്പ് പ്രയോഗിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കാൻ നിർബന്ധിതരാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിഷയം പ്രാഥമികമായി ഡിജിറ്റൽ പേഴ്സണൽ ഡേറ്റാ പ്രൊട്ടക്ഷൻ നിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദത്തിനിടെ ചൂണ്ടിക്കാട്ടി.






