ബഹിരാകാശത്ത് സൈനിക ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് ചരിത്രത്തിലദ്യമായി സ്ഥിരീകരിച്ച് അമേരിക്ക. യു.എസ് സ്പേസ് ഫോഴ്സിന് ഭ്രമണപഥത്തിൽ ‘സ്പേസ് കൺട്രോൾ വെപൺസ്’ ഉണ്ടെന്ന് യു.എസ് വ്യോമസേനാ സെക്രട്ടറി ട്രോയ് മെയ്ൻക് വ്യക്തമാക്കി.
മേരിലാന്റിലെ നാഷനൽ ഹാർബറിൽ നടന്ന വാർഷിക വ്യോമ, ബഹിരാകാശ, സൈബർ കോൺഫറൻസിലാണ് വിവരങ്ങൾ പുറത്തുവിട്ടത്.ശത്രുരാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാനും അമേരിക്കൻ സൈന്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനുമാണ് ആയുധങ്ങൾ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏതെല്ലാം തരത്തിലുള്ള ആയുധങ്ങളാണ് വിന്യസിച്ചതെന്ന് യു.എസ് വിശദീകരിച്ചിട്ടില്ല. എന്നാൽ, കരയിലും കടലിലുമുള്ള യു.എസ് സംയുക്ത സൈന്യത്തെ സംരക്ഷിക്കാൻ ശേഷിയുള്ള ബഹിരാകാശ നിയന്ത്രണ ആയുധങ്ങൾ തങ്ങളുടെ പക്കലുണ്ടെന്ന് സ്പേസ് ഫോഴ്സ് വക്താവും പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിനും സ്വയം പ്രതിരോധത്തിനും ഒരുപോലെ ഇവ ഉപയോഗിക്കാനാകും.
അമേരിക്കയെ മിസൈൽ ആക്രമണങ്ങളിൽനിന്ന് പൂർണമായി സംരക്ഷിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ‘ഗോൾഡൻ ഡോം’ എന്ന മിസൈൽ പ്രതിരോധ സംവിധാനം ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഇതിന്റെ പ്രതിരോധശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം. ചൈനയും റഷ്യയും സമാന രീതിയിൽ ആയുധങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.








