പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രം കേരളത്തിന് രണ്ടാമതും കത്തയച്ചതായി സ്ഥിരീകരിച്ച് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചതായും വിഷയത്തിൽ അടിയന്തരമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷം മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കും. മുഖ്യമന്ത്രിയുടെ നിലപാടിന് അനുസരിച്ചായിരിക്കും പിഎം ശ്രീ പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
തനിക്ക് ഒറ്റയ്ക്ക് ഇക്കാര്യത്തിൽ നിലപാട് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.പദ്ധതി പൂർണമായി തള്ളണമോ അതോ ഉപാധികളോടെ അനുവദിക്കണമോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യുഡിഎഫിന് പദ്ധതിയോട് എതിർപ്പാണ് ഉണ്ടായിരുന്നത്. എന്നാൽ, രഹസ്യമായി കരാറിൽ ഒപ്പിട്ട് പദ്ധതിയോട് അനുകൂല നിലപാട് സ്വീകരിച്ചത് കഴിഞ്ഞ എൽഡിഎഫ് സർക്കാരാണെന്നും ഷംസുദ്ദീൻ ആരോപിച്ചു.
കേന്ദ്രത്തിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ട ഏകദേശം 2,000 കോടി രൂപ ലഭിക്കാനുണ്ടെന്നും മന്ത്രി പറഞ്ഞു. സമഗ്ര ശിക്ഷ കേരള (എസ്എസ്കെ) ഫണ്ട് വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലാണ്. ഈ ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുകയാണ്. പിഎം ശ്രീ പദ്ധതിയുടെ പേരിൽ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് തടഞ്ഞുവയ്ക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.







