വിദേശത്ത് സ്കൂൾ വെക്കേഷനും നാട്ടിലെ ഓണാഘോഷവും കഴിഞ്ഞ് മടങ്ങുന്ന പ്രവാസികളെ കൊള്ളയടിച്ച് വിമാനക്കമ്പനികളുടെ നിരക്കുവർധന. തിരിച്ചുപോകുന്നവരിൽ നിന്ന് ഭീമമായ തുക ഈടാക്കി തിരികെ വരുന്നവരിൽ നിന്ന് തുച്ഛമായ നിരക്ക് വാങ്ങുന്ന ഇരട്ടത്താപ്പാണ് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നത്.
എയർ ഇന്ത്യ മുതൽ വിദേശ കമ്പനികൾ വരെ ഈ ഇരട്ടത്താപ്പിൽ പങ്കാളികളാണ്. തിരുവനന്തപുരത്ത് നിന്ന് അബൂദാബിയിലേക്ക് പോകാൻ ഇന്നും നാളെയും 51,500 രൂപ ടിക്കറ്റ് ചാർജ് ഈടാക്കുമ്പോൾ, തിരിച്ച് കേരളത്തിലേക്ക് വരാൻ 15,500 രൂപ മാത്രമാണ് നിരക്ക്.
കൊച്ചിയിൽ നിന്ന് ദുബായിലേക്ക് ഇന്ന് 74,000 രൂപയും നാളെ 55,000 രൂപയും നൽകേണ്ട സ്ഥാനത്ത്, തിരിച്ചുള്ള യാത്രയ്ക്ക് ഇന്ന് 13,200 രൂപയും നാളെ 13,500 രൂപയുമാണ്. കോഴിക്കോട് നിന്ന് ഷാർജയിലേക്ക് ഇന്ന് 48,200 രൂപയും നാളെ 43,500 രൂപയും കൊടുക്കണം; എന്നാൽ ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് ഇന്നും നാളെയും 15,000 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. വിദേശ വിമാനക്കമ്പനികളാകട്ടെ ഇതിലും ഉയർന്ന തുകയാണ് അങ്ങോട്ടേക്കുള്ള യാത്രയ്ക്ക് ഈടാക്കുന്നത്.
ഈ മാസം അവസാനത്തോടെ മടക്കയാത്രകളുടെ തിരക്ക് കുറയുമെങ്കിലും ഒക്ടോബർ ആദ്യവാരത്തോടെ മാത്രമേ ടിക്കറ്റ് നിരക്കിൽ ആശ്വാസം ലഭിക്കൂ എന്നാണ് വ്യോമയാന മേഖലയിൽ നിന്നുള്ള സൂചനകൾ.
കുറഞ്ഞ ദിവസത്തെ അവധിക്കെത്തി കൃത്യസമയത്ത് ജോലിയിൽ പ്രവേശിക്കേണ്ടവരുടെ സാഹചര്യത്തെ മുതലെടുക്കുകയാണ് കമ്പനികൾ. ഒരേ വിമാനത്തിൽ ഒരേ റൂട്ടിൽ നടക്കുന്ന ഈ പകൽകൊള്ളയ്ക്കെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
പശ്ചിമേഷ്യയിലെ സുരക്ഷാ പ്രശ്നങ്ങളും വ്യോമപാതയിലെ സമയദൈർഘ്യവുമാണ് നിരക്കുവർധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ ഇങ്ങോട്ടേക്ക് കുറഞ്ഞ നിരക്കും അങ്ങോട്ടേക്ക് ഭീമമായ നിരക്കും ഈടാക്കുന്നതിലൂടെ ഈ വാദം പൊള്ളയാണെന്ന് വ്യക്തമാകുന്നു.
മടക്കയാത്രയെ വൻ ലാഭക്കച്ചവടത്തിനുള്ള അവസരമാക്കുന്ന വിമാനക്കമ്പനികളുടെ ചൂഷണത്തിനെതിരേ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.








