കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. വനിതാ കണ്ടക്ടർമാരായ എസ്.എസ്. ആശ, എസ്. ശ്രീന, എം. സജല എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഹർജിക്കാരുടെയും കെഎസ്ആർടിസിയുടെയും വാദങ്ങൾ കേട്ടശേഷം വിഷയത്തിൽ അന്തിമതീരുമാനം കൈക്കൊള്ളാനാണ് നിർദേശം.
സംസ്ഥാനത്ത് മൂവായിരത്തോളം വനിതാ കണ്ടക്ടർമാർ സേവനത്തിലുണ്ടെന്നും ബിഹാർ, ഒഡിഷ, കർണാടക സംസ്ഥാനങ്ങളിൽ വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവദിക്കുന്നുണ്ടെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. കേരളത്തിലെ സർവകലാശാലകളിൽ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നിലവിലുണ്ടെന്നും അവരുടെ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
ആർത്തവ അവധി വനിതാ ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനൊപ്പം കടുത്ത ആർത്തവ പ്രശ്നങ്ങൾ ആരോഗ്യത്തെയും ജോലിയെയും ബാധിക്കുമെന്ന കാര്യവും കോടതി നിരീക്ഷിച്ചു. ഏറെ നേരം തുടർച്ചയായി നിൽക്കേണ്ട ജോലി ചെയ്യേണ്ടിവരുന്നതും മതിയായ വിശ്രമ-ശുചിത്വ സൗകര്യങ്ങളുടെ പരിമിതിയും വനിതാ കണ്ടക്ടർമാർ നേരിടുന്ന വെല്ലുവിളികളാണെന്ന് കോടതി വിലയിരുത്തി. പ്രതിദിനം എട്ട് മുതൽ പതിനാറ് മണിക്കൂർ വരെ ജോലി ചെയ്യേണ്ട സാഹചര്യം കണക്കിലെടുത്ത് വനിതാ കണ്ടക്ടർമാർക്ക് അനുയോജ്യമായ ആർത്തവ അവധി നയം സർക്കാർ രൂപീകരിക്കേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.
മാസപ്പടിക്കേസിൽ വീണ്ടും ഇഡി റെയ്ഡ്






