Top Banner

ഡെപ്യൂട്ടി സ്പീക്കർക്കും ഇനി ‘ഫുൾ സ്പീക്കർ’ അധികാരം; മണ്ഡലപ്രശ്നങ്ങൾ സഭയിൽ ഉന്നയിക്കാം

നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി ഡെപ്യൂട്ടി സ്പീക്കർക്ക് സബ്മിഷനും ശ്രദ്ധക്ഷണിക്കലും അവതരിപ്പിക്കാൻ അനുമതി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് ഈ സുപ്രധാന തീരുമാനം അറിയിച്ചത്.

ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ നടത്തിയ ശക്തമായ ഇടപെടലിനൊടുവിലാണ് പതിറ്റാണ്ടുകളായി തുടർന്നുവന്ന കീഴ്‌വഴക്കം മാറിയത്. “ഇത് എനിക്ക് വേണ്ടി മാത്രമല്ല, ഇനി വരാൻ പോകുന്ന ഡെപ്യൂട്ടി സ്പീക്കർമാർക്കു കൂടിയാണ്” – ഷാനിമോൾ പറഞ്ഞു.

ഇതുവരെ സ്പീക്കറുടെ അഭാവത്തിൽ സഭ നിയന്ത്രിക്കാനുള്ള അധികാരം മാത്രമായിരുന്നു ഡെപ്യൂട്ടി സ്പീക്കർക്ക്. പ്രസംഗിക്കാൻ അവസരം വർഷത്തിൽ ഒരുതവണ മാത്രം – ബജറ്റ് ചർച്ചയ്ക്ക് തുടക്കം കുറിക്കുമ്പോൾ.

തിങ്കളാഴ്ച ബജറ്റ് പ്രസംഗത്തിനു ശേഷം മണ്ഡലത്തിലെ പ്രശ്നങ്ങൾ സബ്മിഷൻ വഴി അവതരിപ്പിക്കാൻ അവസരമില്ലെന്ന് ഷാനിമോൾ ചൂണ്ടിക്കാട്ടിയതോടെയാണ് വിഷയം ചൂടുപിടിച്ചത്. എല്ലാ അംഗങ്ങളെയും പോലെ ഡെപ്യൂട്ടി സ്പീക്കർക്കും മണ്ഡലപ്രശ്നങ്ങൾ ഉന്നയിക്കാൻ അവസരം വേണമെന്ന ആവശ്യം ന്യായമാണെന്ന് മുഖ്യമന്ത്രി പിന്തുണച്ചു. പ്രതിപക്ഷം ചർച്ചയിൽ പങ്കെടുത്തില്ലെങ്കിലും എതിർപ്പ് പ്രകടിപ്പിച്ചില്ല. സഭയുടെ പൊതുവികാരം പരിഗണിച്ചാണ് സ്പീക്കർ അനുമതി നൽകിയത്.

നിയമത്തിലോ സഭാ ചട്ടത്തിലോ ഡെപ്യൂട്ടി സ്പീക്കർ സബ്മിഷൻ അവതരിപ്പിക്കരുതെന്ന് എവിടെയും പറയുന്നില്ല. നിഷ്പക്ഷമായ ഭരണഘടനാ പദവി വഹിക്കുന്നതിനാൽ സ്വന്തം മണ്ഡലവിഷയങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് ഇതുവരെ ഡെപ്യൂട്ടി സ്പീക്കർമാർ സ്വയം മാറിനിൽക്കുകയായിരുന്നു. ലോക്സഭയിലും മറ്റ് സംസ്ഥാനങ്ങളിലും ഈ കീഴ്‌വഴക്കം ഇപ്പോഴും തുടരുന്നുണ്ട്.

സഭ നിയന്ത്രിക്കാത്ത സമയത്ത് ഡെപ്യൂട്ടി സ്പീക്കർ സാധാരണ അംഗം മാത്രമാണെന്ന വാദമാണ് ഷാനിമോൾ ഉയർത്തിയത്. ആ വാദം സഭ അംഗീകരിച്ചതോടെ ഇനി മുതൽ ഡെപ്യൂട്ടി സ്പീക്കർ ‘ഫുൾ സ്പീക്കർ’ തന്നെ.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.