സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി രാജ്യം ഭരിച്ച തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെന്ന ചരിത്ര റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക് സ്വന്തം. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ആറ് പതിറ്റാണ്ടിലേറെക്കാലം തകരാതെ നിന്ന റെക്കോർഡാണ് നരേന്ദ്ര മോദി മറികടന്നത്.
2014 മേയ് 26-നാണ് നരേന്ദ്ര മോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ജൂൺ 10 തികയുന്നതോടെ അദ്ദേഹം തുടർച്ചയായി 4,399 ദിവസങ്ങൾ ഭരണത്തിൽ പൂർത്തിയാക്കി.
ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പിന് ശേഷം 1952 മേയ് 13-ന് സത്യപ്രതിജ്ഞ ചെയ്ത്, 1964 മേയ് 27-ൽ അന്തരിക്കുന്നത് വരെ തുടർച്ചയായി 4,398 ദിവസങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഏറ്റവും ദൈർഘ്യമേറിയ തടസ്സമില്ലാത്ത ഭരണകാലയളവും (4,077 ദിവസങ്ങൾ) മോദി നേരത്തെ മറികടന്നിരുന്നു.
കോൺഗ്രസ് ഇതര പാർട്ടിയിൽ നിന്ന് തുടർച്ചയായി ഭരണം നയിക്കുന്ന നരേന്ദ്ര മോദി, നെഹ്റുവിന് ശേഷം ഭരണത്തിലിരുന്ന് തുടർച്ചയായി മൂന്ന് ലോക്സഭാ തിരഞ്ഞെടുപ്പുകൾ വിജയിക്കുന്ന ആദ്യ നേതാവ് കൂടിയാണ്.
അതേസമയം, ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായി പ്രവർത്തിച്ചതിന്റെ റിക്കാർഡ് രാജ്യത്തിന്റെ ഏക വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധിയുടെ പേരിലാണ്. 1984ൽ കൊല്ലപ്പെടുന്നതുവരെ 5829 ദിവസമാണ് പ്രധാനമന്ത്രിയായി ഇന്ദിര തുടർന്നത്. 1966 മുതൽ 1977 വരെ 4,077 ദിവസം ഇന്ദിര തുടർച്ചയായി പ്രധാനമന്ത്രിയായിരുന്നു.






