വിവാഹാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് യുവാവ് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയ യുവതി മരണത്തിന് കീഴടങ്ങി. കൊൽക്കത്ത മൈദാൻ ഏരിയയിലെ ബാബുഘട്ടിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഷഗുഫ്ത പർവീൺ (30) തിങ്കളാഴ്ചയാണ് മരിച്ചത്. സംഭവത്തിൽ ബേലേഘട്ട സ്വദേശിയായ സിദ്ധാർത്ഥ ചാരിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു.
90 ശതമാനത്തോളം പൊള്ളലേറ്റ ഷഗുഫ്ത മരണത്തിന് തൊട്ടുമുമ്പ് നൽകിയ മൊഴിയാണ് പ്രതിയെ കുടുക്കിയത്. ജോലി സംബന്ധമായ അഭിമുഖത്തിനെന്ന വ്യാജേന സിദ്ധാർത്ഥ ഷഗുഫ്തയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. അവിടെ വെച്ച് ഇയാൾ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും വ്യത്യസ്ത മതവിഭാഗത്തിൽപ്പെട്ടവരായതിനാൽ യുവതി അത് നിരസിച്ചു. ഇതിൽ പ്രകോപിതനായ പ്രതി കൈയ്യിൽ കരുതിയിരുന്ന മണ്ണെണ്ണ യുവതിയുടെ ദേഹത്തൊഴിച്ച് തീക്കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ജോലി അഭിമുഖത്തിനായി പോകുന്നു എന്ന് പറഞ്ഞാണ് ഷഗുഫ്ത ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയതെന്ന് മാതാവ് മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് ശേഷം ഫോൺ വിളിച്ചിട്ട് ലഭിക്കാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്, പൊലീസിൽ നിന്ന് വിവരം അറിയുന്നത്. ആശുപത്രിയിൽ അതിദാരുണമായ അവസ്ഥയിലായിരുന്നു മകളെന്നും അവർ കൂട്ടിച്ചേർത്തു.
യുവതിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ സിദ്ധാർത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടക്കത്തിൽ സെക്ഷൻ 109 പ്രകാരം വധശ്രമത്തിനാണ് കേസെടുത്തിരുന്നതെങ്കിലും, യുവതി മരണപ്പെട്ടതോടെ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാകുന്നതോടെ കൂടുതൽ വകുപ്പുകൾ ചേർക്കും. പ്രതിക്ക് അർഹമായ കഠിനശിക്ഷ ഉറപ്പാക്കണമെന്നും ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
