ഗുരുവായൂര്‍ ദേവസ്വത്തിന്റെ സാമ്പത്തിക കണക്കെടുപ്പില്‍ ഗുരുതര പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ദേവസ്വത്തിന്റെ സ്വത്തുക്കള്‍ ദേവന്റേതാണെന്നും ദേവസ്വം ഭരണസമിതി വെറും വിശ്വസ്തരാണെന്നും കോടതി നിരീക്ഷിച്ചു. ഗുരുവായൂര്‍ ദേവസ്വത്തില്‍ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് അനിവാര്യമാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഓഡിറ്റ് സംവിധാനത്തില്‍ ഘടനാപരമായ വീഴ്ചകളുണ്ടെന്നും അടിയന്തര പരിഷ്‌കാരങ്ങള്‍ വേണമെന്നും ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. വാര്‍ഷിക കണക്കുകള്‍ അന്തിമമാക്കുന്നതിലെ കാലതാമസത്തിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
ദേവസ്വത്തിന്റെ 65 ബാങ്ക് അക്കൗണ്ടുകളില്‍ 37 എണ്ണം മാത്രമാണ് സജീവമെന്നും വിവരങ്ങളുടെ അപര്യാപ്തതയാണ് ഓഡിറ്റിന് പ്രധാന തടസ്സമെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിജിറ്റല്‍ ഓഡിറ്റിനായി കേന്ദ്രീകൃത സോഫ്റ്റ്‍വെയറും ഓഡിറ്റ് ലോഗിന്‍ സംവിധാനവും നടപ്പാക്കണമെന്നും കോടതി ശുപാര്‍ശ ചെയ്തു. സ്വീകരിച്ച നടപടികള്‍ 10 ദിവസത്തിനകം സത്യവാങ്മൂലമായി അറിയിക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം നല്‍കി.
വാര്‍ഷിക കണക്കെടുപ്പിലെ വീഴ്ചകളുടെ പേരില്‍ കഴിഞ്ഞ ദിവസവും ഹൈക്കോടതി ദേവസ്വത്തെ വിമര്‍ശിച്ചിരുന്നു. വാര്‍ഷിക കണക്കുകള്‍ ഓഡിറ്റര്‍ക്ക് സമയബന്ധിതമായി കൈമാറാത്തത് എന്തുകൊണ്ടാണെന്നും വരവ്-ചെലവ് കണക്കുകള്‍ കൃത്യമായി സൂക്ഷിക്കാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. സാമ്പത്തിക വര്‍ഷം അവസാനിച്ച് 15 ദിവസത്തിനകം കണക്കുകള്‍ സമര്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലേക്ക് ലഭിക്കുന്ന ഓരോ രൂപയ്ക്കും കൃത്യമായ കണക്കുണ്ടായിരിക്കണമെന്നും പ്രതിവര്‍ഷം ജൂണ്‍ 30-നകം ദേവസ്വത്തിന്റെ സ്വര്‍ണവും മറ്റ് ആസ്തികളും മൂല്യനിര്‍ണയം നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു






