വയനാട്ടിലെ വീട്ടിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. മെസിയുടെ പേരിൽ തട്ടിപ്പ് നടത്തിയെന്ന കേസിലെ എസ്‌ഐടി പരിശോധനയ്ക്കിടെ വയനാട്ടിലെ വീട്ടിൽ നിന്ന് 67 ലിറ്ററിലധികം മദ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.കളമശേരിയിലെ റിപ്പോർട്ടർ ചാനൽ ആസ്ഥാനത്ത് നടന്ന പരിശോധനയ്ക്കിടെയാണ് എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എറണാകുളം ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധന പൂർത്തിയാക്കി. ആന്റോയുമായി എക്സൈസ് സംഘം വയനാട്ടിലേക്ക് തിരിക്കും.
മഹസർ വായിച്ചുകേൾപ്പിച്ച ശേഷവും എഫ്‌ഐആർ നൽകണമെന്നും അത് നൽകിയാൽ മാത്രമേ അറസ്റ്റ് അംഗീകരിക്കൂവെന്നുമായിരുന്നു ആന്റോയുടെ നിലപാട്. ഇതോടെ ചാനൽ ആസ്ഥാനത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.റെയ്‌ഡിനിടെ വീട്ടിൽ നിന്ന് വിവിധ ഇനങ്ങളിലായി 67 ലിറ്ററിലധികം മദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. വിദേശനിർമിത മദ്യം 43 ലിറ്റർ, വിദേശ വൈൻ 4.824 ലിറ്റർ, കേരള വൈൻ 5.500 ലിറ്റർ, മിലിട്ടറി ലിക്കർ 860 മില്ലിലിറ്റർ, വീട്ടിൽ നിർമിച്ച വൈൻ എന്ന് സംശയിക്കുന്ന 12.750 ലിറ്റർ പദാർഥം എന്നിവയാണ് പിടിച്ചെടുത്തത്.
കേരളത്തിൽ ഒരാൾക്ക് നിയമപരമായി കൈവശം വയ്ക്കാവുന്ന ഇന്ത്യൻ നിർമിത വിദേശമദ്യത്തിന്റെ അളവ് 3 ലിറ്ററാണ്. പിടിച്ചെടുത്ത മദ്യത്തിന്റെ ഉറവിടം സംബന്ധിച്ച് എക്സൈസ് സംഘം അന്വേഷണം തുടരുകയാണ്. മദ്യം വിൽപ്പനയ്ക്കായി സൂക്ഷിച്ചതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമായിരിക്കും കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തുക.






