സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന് ജനങ്ങൾ ‘പൂജ്യം മാർക്ക്’ നൽകുമെന്നും ഈ റിപ്പോർട്ട് വെറും അർധസത്യങ്ങൾ മാത്രമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പിന് വെറും രണ്ടുദിവസം മാത്രം ബാക്കിയുള്ളപ്പോൾ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത് ആർക്കും മറുപടി പറയാൻ സമയം നൽകരുത് എന്ന ചിന്തയോടെയാണ്. ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള തന്ത്രം മാത്രമാണ്. മുഖ്യമന്ത്രിയുടെ കുടുംബത്തിന് മാത്രമാണ് ഈ കാലയളവിൽ പ്രോഗ്രസ് ഉണ്ടായതെന്നും സാധാരണ ജനങ്ങൾക്ക് ഒരു പ്രയോജനവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിൽ അതിരൂക്ഷമായ തൊഴിലില്ലായ്മ നിലനിൽക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. പിൻവാതിലിലൂടെ രണ്ടു ലക്ഷത്തോളം ആളുകൾക്ക് ജോലി നൽകിയതല്ലാതെ പിഎസ്‌സി വഴി അർഹരായവർക്ക് നിയമനം ലഭിക്കുന്നില്ല. കെഎസ്ആർടിസിയിൽ കാലങ്ങളായി റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നും റാങ്ക് ലിസ്റ്റിൽ ഒന്നാമതെത്തിയവർക്ക് പോലും നിയമനം കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ റിപ്പോർട്ടിൽ ശബരിമലയെക്കുറിച്ചോ സ്വർണക്കൊള്ളയെക്കുറിച്ചോ യാതൊരു പരാമർശവുമില്ല. സ്വർണക്കൊള്ളയിൽ ഉൾപ്പെട്ട പ്രതികളെ സർക്കാർ സംരക്ഷിക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഇവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ സർക്കാരിന്റെ നിലപാട് ഭക്തജനങ്ങളോടുള്ള വഞ്ചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
