ലോകകപ്പിനിടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് മെസ്സിയെ വധിക്കാനായിരുന്നു നീക്കമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോയ്ക്കെതിരേയും സമാനമായ നീക്കത്തിന് ലക്ഷ്യമിട്ടിരുന്നുവെന്നും പോലീസ് രേഖയിലുണ്ട്.
സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പോലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കെതിരായ ബോംബ് ഭീഷണികൾ, റഫറിമാർക്കെതിരേയുള്ള സൈബറാക്രമണങ്ങൾ എന്നീ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. സുരക്ഷാ ഭീഷണിയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
മെസ്സിയെ ചാവേറാക്രമണത്തിലൂടെ വധിക്കുകയായിരുന്നു ലക്ഷ്യം. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വെച്ച് ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണം നടത്താൻ പദ്ധതിയിട്ട വ്യക്തിയുടേതെന്ന് കരുതപ്പെടുന്ന ഒരു പോസ്റ്റും പുറത്തുവന്നിട്ടുണ്ട്. ‘അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ ഞാൻ നടക്കാൻ പോകുകയാണ്. എന്റെ ശരീരത്തിൽ കെട്ടിവെച്ച നാല് ബോംബുകൊണ്ട് മെസ്സിയെ വധിക്കും.’- പോസ്റ്റിൽ പറയുന്നു.
ഈ ഭീഷണിക്ക് പുറമേ മറ്റൊരു ഫോൺ സംഭാഷണത്തെ കുറിച്ചും പരാമർശമുണ്ട്. ഡാലസ് വിമാനത്താവളത്തിലേക്ക് അജ്ഞാതൻ വിളിച്ച് ബോംബാക്രമണം നടത്തുമെന്ന് പറഞ്ഞതായാണ് വിവരം. താനും മറ്റ് രണ്ട് പേരും ബോംബുകളും തോക്കുകളുമായി സ്‌റ്റേഡിയത്തിലേക്ക് പോകുന്നുവെന്നാണ് ഫോണിലൂടെ അറിയിച്ചത്. പോലീസ് ഉദ്യോഗസ്ഥരും ഫുട്‌ബോൾ താരങ്ങളെയുമാണ് ലക്ഷ്യമിട്ടതെന്നും പറയുന്നു.
മാത്രമല്ല, ലോകകപ്പിനിടെ പോർച്ചുഗീസ് സൂപ്പർതാരത്തിന്റെ വിവരങ്ങൾ തേടാനുള്ള ശ്രമം നടത്തിയിരുന്നു. താരത്തിന്റെ താമസവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് അജ്ഞാതൻ ചോദിച്ചത്. ടൊറന്റോയിലും മയാമിയിലും ഹൂസ്റ്റണിലുമെല്ലാം ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലോകകപ്പിൽ ഈജിപ്ത്-അർജന്റീന മത്സരം നിയന്ത്രിച്ച റഫറി ഫ്രങ്കോ ലെറ്റക്‌സിയർക്ക് ആറായിരത്തിലധികം ഭീഷണി സന്ദേശങ്ങളും വന്നിരുന്നു. ഭീഷണിയെ വളരെ ഗൗരവത്തോടെ അധികൃതർ സമീപിച്ചതായും റിപ്പോർട്ടിലുണ്ട്.





