നേപ്പാളില്‍ വീണ്ടും പ്രളയ മുന്നറിയിപ്പ്. ഹിമതടാക വിസ്‌ഫോടന ദുരന്തം നടന്ന് ആറുദിവസത്തിനു ശേഷമാണ് വീണ്ടും ഹിമതടാകം തകര്‍ന്ന് പ്രളയത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ചൈന ജലമന്ത്രാലയമാണ് നേപ്പാളിന് മുന്നറിയിപ്പ് നല്‍കിയത്. ബുധനാഴ്ച രൂപപ്പെട്ട ഹിമതടാകമാണ് തകരാന്‍ സാധ്യതയുള്ളത്.
ടിബറ്റിനു സമീപം 5.6 കിലോമീറ്റര്‍ അകലെയാണ് തടാകം രൂപപ്പെട്ടത്. ഇതില്‍ 14 ലക്ഷം ക്യുബിക് മീറ്റര്‍ വെള്ളവും പാറയും മറ്റും ഉണ്ടെന്നാണ് ഉപഗ്രഹ നിരീക്ഷണത്തില്‍ വ്യക്തമാകുന്നത്. ഈ തടാകത്തെ വിദഗ്ധ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെ, ജലവൈദ്യുത പദ്ധതികളില്‍ ജോലി ചെയ്തുകൊണ്ടിരുന്ന 933 തൊഴിലാളികളെ കാണാനില്ലെന്ന് നേപ്പാള്‍ അറിയിച്ചു. ഇതില്‍ കൂടുതല്‍ പേരും തുരങ്കങ്ങളിലാണ് ജോലി ചെയിതിരുന്നത്.
നൂറിലേറെ ഇന്ത്യക്കാരും ഇതില്‍ ഉള്‍പ്പെടും. ത്രിശൂലി 3 എ പദ്ധതി പ്രദേശത്ത് ഇന്നലെയും രക്ഷാദൗത്യം തുടരുകയാണ്. ഇവിടെ നിന്ന് അഞ്ചുപേരെ രക്ഷപ്പെടുത്തി. ഒരാളുടെ മൃതദേഹവും കണ്ടെത്തി. തുരങ്കത്തിലേക്ക് ശുദ്ധവായു പമ്പു ചെയ്യുന്നത് തുടരുന്നുണ്ട്. തുരങ്കത്തില്‍ നിയന്ത്രിത സ്‌ഫോടനം നടത്തി അടഞ്ഞുപോയ മണ്ണും മറ്റും നീക്കാനും ശ്രമം നടത്തി.
അതിനിടെ, ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 903 ആയെന്ന് നേപ്പാള്‍ അറിയിച്ചു. 4,247 പേരെ കാണാതായി. ടിബറ്റില്‍ 16 പേര്‍ മരിച്ചതായി ചൈന അറിയിച്ചു. 546 പേരെ കാണാതായിട്ടുണ്ട്. ഇതില്‍ 261 പേര്‍ വിദേശികളാണ്.






