വിമാനയാത്രക്കാർക്ക് അധികബാധ്യത നൽകിക്കൊണ്ട് ടിക്കറ്റ് നിരക്കുകൾ നാളെ മുതൽ വർധിപ്പിച്ച് എയർ ഇന്ത്യ. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളിലെ ഇന്ധന സർചാർജ് (Fuel Surcharge) വർധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. വിമാന ഇന്ധനത്തിന്റെ (ATF) വിലയിലുണ്ടായ തുടർച്ചയായ വർധനവാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന കാരണം.
യാത്രക്കാരെ എങ്ങനെ ബാധിക്കും?
വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഈടാക്കുന്ന അടിസ്ഥാന നിരക്കിനൊപ്പമാണ് ഇന്ധന സർചാർജും വരുന്നത്. ദൂരത്തിനനുസരിച്ചായിരിക്കും വർധനവ് നടപ്പിലാക്കുക. ഇതു പ്രകാരം ആഭ്യന്തര റൂട്ടുകളിൽ കുറഞ്ഞ ദൂരങ്ങളിലേക്കുള്ള ടിക്കറ്റുകളിൽ ചെറിയ വർധനവുണ്ടാകും.എന്നാൽ അന്താരാഷ്ട്ര റൂട്ടുകളിലും ദീർഘദൂര ആഭ്യന്തര സർവീസുകളിലും യാത്രക്കാർ വലിയൊരു തുക അധികമായി നൽകേണ്ടി വരും.
ആഗോള വിപണിയിൽ വിമാന ഇന്ധന വില കുതിച്ചുയരുന്നത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ എടിഎഫ് വിലയിലുണ്ടായ മാറ്റങ്ങൾ കണക്കിലെടുത്താണ് ഇപ്പോൾ സർചാർജ് ഏർപ്പെടുത്താൻ എയർ ഇന്ത്യ തീരുമാനിച്ചത്.
മറ്റ് പ്രമുഖ വിമാനക്കമ്പനികളും സമാനമായ രീതിയിൽ നിരക്ക് വർധിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് വ്യോമയാന മേഖലയിലെ വിദഗ്ധർ വിലയിരുത്തുന്നത്. ഉത്സവ സീസണും അവധിക്കാലവും അടുത്തിരിക്കെ എയർ ഇന്ത്യയുടെ ഈ തീരുമാനം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും.
