മൊയ്‌റാംഗ്: ഇന്ത്യൻ മണ്ണിൽ ആദ്യമായി ത്രിവർണ്ണ പതാക പാറിച്ച വിപ്ലവഭൂമി

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ് 1944 ഏപ്രിൽ 14 . നേതാജി സുഭാഷ് ചന്ദ്ര ബോസിൻ്റെ ഇന്ത്യൻ നാഷണൽ ആർമി (INA), ബ്രിട്ടീഷ് സാമ്രാജ്യത്വത്തിൻ്റെ കോട്ടകൾ തകർത്ത് മണിപ്പൂരിലെ മൊയ്‌റാംഗിൽ ആദ്യമായി ഇന്ത്യൻ മണ്ണിൽ ത്രിവർണ്ണ പതാക ഉയർത്തിയ ദിനം.

ചരിത്ര പശ്ചാത്തലം

രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലം. ഭാരതത്തിൻ്റെ കിഴക്കൻ അതിർത്തിയിലൂടെ ഐ.എൻ.എ സൈന്യം ബ്രിട്ടീഷ് സേനയെ തുരത്തി മുന്നേറുകയായിരുന്നു. ഇംഫാൽ ലക്ഷ്യമാക്കി നീങ്ങിയ സൈന്യം മൊയ്‌റാംഗ് പിടിച്ചെടുത്തു. കെണൽ ഷൗക്കത്ത് അലി മാലിക് ആണ് നേതാജിയുടെ പ്രതിനിധിയായി അവിടെ ദേശീയ പതാക നാട്ടിയത്.

ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിട്ടുപോന്ന് നേതാജിക്കൊപ്പം ചേർന്ന് ധീരരായ പോരാളികളുടെ വീര്യമാണ് അന്ന് മൊയ്‌റാംഗിൽ പ്രകടമായത്. ഭാരതത്തിൻ്റെ മണ്ണിൽ സ്വതന്ത്ര ഇന്ത്യയുടെ പതാക ഉയർത്തുക എന്ന ലക്ഷ്യം അവിടെ പൂവണിഞ്ഞു.

മൊയ്‌റാംഗിൻ്റെ പ്രാധാന്യം

കേവലം ഒരു ഭൂപ്രദേശം പിടിച്ചെടുക്കുക എന്നതിലുപരി, ഭാരതീയരുടെ ആത്മവിശ്വാസം വാനോളമുയർത്തിയ സംഭവമായിരുന്നു ഇത്. മൊയ്‌റാംഗ് ആസ്ഥാനമായി ഒരു താൽക്കാലിക ഭരണസംവിധാനം ഐ.എൻ.എ അവിടെ സ്ഥാപിച്ചു. പ്രദേശവാസികളായ മണിപ്പൂരി ജനത ഐ.എൻ.എ സൈന്യത്തിന് നൽകിയ പിന്തുണ അവിസ്മരണീയമാണ്. തങ്ങളുടെ പരിമിതമായ സാഹചര്യത്തിലും അവർ വിപ്ലവകാരികൾക്ക് ഭക്ഷണവും അഭയവും നൽകി.

ലക്ഷ്യങ്ങൾ

ഐ.എൻ.എ.യുടെ ലക്ഷ്യം അറാക്കൻ പർവ്വതപ്രദേശത്തുകൂടി കിഴക്കൻ ബംഗാളിൻ്റെ കവാടമായ ചിറ്റഗോംഗിനെ ലക്ഷ്യമാക്കി ഒരു മുന്നേറ്റം നടത്തുക, ബ്രിട്ടീഷുകാർ ചിറ്റഗോംഗിൽ ശ്രദ്ധിച്ചു കേന്ദ്രീകരിക്കുമ്പോൾ സാവധാനം ഇംഫാലും കോഹിമയും പിടിച്ചെടുക്കുക, ഇതായിരുന്നു യുദ്ധതന്ത്രം. ഐ.എൻ.എ.യിലെ സുഭാഷ് റെജിമെൻ്റ് ജപ്പാൻ സേനയോടൊപ്പം മുന്നണിയിലേക്ക് നീങ്ങണമെന്ന് നേതാവ് തീരുമാനിച്ചു.

ഐ.എൻ.എ – ജപ്പാൻ സംയുക്തസേനകൾ ചിറ്റഗോംഗ് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി, അറാക്കൻ പ്രദേശത്ത് വച്ച് ബ്രിട്ടീഷ് സേനയുമായി ഏറ്റുമുട്ടി. ബ്രിട്ടീഷ് സേനയെ പിന്നോക്കം പായിച്ചു കൊണ്ട് ബഹുദൂരം മുന്നേറുകയും ചെയ്തു. മാർച്ച് മാസത്തിൽ ഐ.എൻ.എ ഘടകങ്ങൾ അതിർത്തി കടന്ന് ഇന്ത്യയിൽ പ്രവേശിച്ചു.

മാർച്ച് മധ്യത്തോടെ ഐ.എൻ.എ – ജപ്പാൻ സേനകൾ ഇംഫാൽ ആക്രമണം ആരംഭിച്ചു. ഈ യുദ്ധത്തിൽ ലഫ്.കെണൽ എം.ഇസഡ്.കിയാനിയുടെ നേതൃത്വത്തിൽ ഐ.എൻ.എ.യുടെ ഒന്നാം ഡിവിഷൻ ജപ്പാൻ സേനയോടൊപ്പം മുന്നേറി. യുദ്ധമേഖലയുടെ വടക്കേയറ്റത്ത്, ഏപ്രിൽ ആദ്യവാരം ഐ.എൻ.എ-ജപ്പാൻ സംയുക്തസേന കൊഹിമയിൽ പ്രവേശിച്ചു ഐ.എൻ.എ മണിപ്പൂരിലെ ബ്രിട്ടീഷ് പ്രതിരോധനിരകളെ തകർത്ത് കയറി.രാമകോഹിമ, പാലേൽ, തിഡിം എന്നീ സ്ഥലങ്ങൾ പിടിച്ചടക്കി. മണിപൂരിൻ്റെ തലസ്ഥാനമായ ഇംഫാൽ കീഴടക്കി ഉപരോധമേർപ്പെടുത്തി.

ചതിച്ച കാലവർഷവും മുന്നേറ്റത്തിലെ തിരിച്ചടികളും

ആസാം വഴി ഡൽഹിയിലേക്ക് പ്രവേശിക്കാൻ വെറും ദിവസങ്ങൾ എന്ന് പ്രഖ്യാപിച്ച് നേതാജിയും ഭടന്മാരും മുന്നേറിക്കൊണ്ടിരിക്കെ ഭാഗ്യം ബ്രിട്ടീഷ് സേനയുടെ ഭാഗമായിരുന്നു.പല കാരണങ്ങളുണ്ടായിരുന്നു ഇത്. അപ്രതീക്ഷിതമായി ആസാമിലെ അകാലത്തിലെ അതിവർഷം (കനത്ത മഴയും പേമാരിയും) കാരണം അവർക്ക് ഇംഫാൽ ഉപരോധം വന്നു.സൈന്യത്തിൻ്റെ മുന്നേറ്റം പെട്ടെന്നു നിലച്ചു.ഐ.എൻ.എ യുദ്ധം നിർത്തിവച്ചു.ആഫ്രിക്കയിലെ യുദ്ധം ബ്രിട്ടന് അനുകൂലമായിത്തീർന്നതിനാൽ അവിടെയുണ്ടായിരുന്ന വിമാനസേനവിഭാഗം ഇന്ത്യയിലേക്ക് തിരിച്ചുവിടപ്പെട്ടു.

ഇതിനിടയിൽ 1945 ന് ഓഗസ്റ്റ് 6 ന് ഹിരോഷിമയിലും ഓഗസ്റ്റ് 9 ന് നാഗസാക്കിയും അണുബോംബ് വീണതിന് ജപ്പാൻ പിന്നാലെ കീഴടങ്ങുന്നു.ബ്രിട്ടീഷ് പോർവിമാനങ്ങളെ ചെറുക്കാൻ ജപ്പാൻ വിമാനസേന സമരമേഖലയിൽ ഇല്ലാതെ പോയി ഇതും തിരിച്ചടിയായി.ഇറ്റലിയും ജർമ്മനിയും കീഴടങ്ങിയിട്ടും അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാൻ കീഴടക്കാൻ ഒരുക്കമായിരുന്നില്ല. യുദ്ധമുന്നണിയിൽ നേതാജിയുടെ പട്ടാളത്തോടൊപ്പം അവർ മുന്നേറിക്കൊണ്ടിരുന്നു. ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായ അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.അത് ജപ്പാൻ്റെ മാത്രമല്ല ഇന്ത്യയുടേയും ചരിത്രത്തേയും ബാധിച്ചു. ഹിരോഷിമയിലെയും നാഗസാക്കിയിലേയും പൈശാചികമായ ക്രൂരകൃത്യം സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്ത്യയുടെ ചരിത്രം (പട്ടാളത്തിൻ്റെയും) മറ്റൊന്നായിരുന്നേനേ….

ഇന്ന് മൊയ്‌റാംഗ്

ഇന്ന് ഈ ചരിത്ര മുഹൂർത്തത്തിൻ്റെ സ്മരണയ്ക്കായി മൊയ്‌റാംഗിൽ പ്രൗഢമായ ഒരു ഐ.എൻ.എ സ്മാരകവും മ്യൂസിയവും സ്ഥിതിചെയ്യുന്നു. നേതാജിയുടെ കൂറ്റൻ വെങ്കല പ്രതിമയും യുദ്ധകാലത്തെ ചിത്രങ്ങളും രേഖകളും ഇന്നും അവിടെ സംരക്ഷിക്കപ്പെടുന്നു.

“ദില്ലി ചലോ” എന്ന മന്ത്രവുമായി മുന്നേറിയ ധീരദേശാഭിമാനികളുടെ പോരാട്ടവീര്യത്തിൻ്റെ പ്രതീകമാണ് മൊയ്‌റാം. 82 വർഷങ്ങൾക്കിപ്പുറം ഏപ്രിൽ 14 എന്ന തീയതി ഓരോ ഭാരതീയൻ്റെയും ഉള്ളിൽ രാജ്യസ്നേഹത്തിൻ്റെ അഗ്നി പടർത്തുന്നു. സ്വാതന്ത്ര്യത്തിനായി ജീവൻ ബലി നൽകിയ ആ വീരപുത്രന്മാർക്ക് ഈ ദിനത്തിൽ നമുക്ക് പ്രണാമം അർപ്പിക്കാം.

ജയ് ഹിന്ദ്!

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *