മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് നടത്തിയെന്നാരോപിക്കുന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നു. റിപ്പോർട്ടർ ചാനലിന്റെ കൊച്ചി കളമശ്ശേരിയിലെ ഓഫീസിലും വയനാട്ടിലെ ഒരു സ്ഥലത്തുമടക്കം എറണാകുളം, വയനാട് ജില്ലകളിലായാണ് പരിശോധന.
പുലർച്ചെ സെർച്ച് വാറണ്ടുമായെത്തിയ പൊലീസ് സംഘമാണ് കളമശ്ശേരിയിലെ റിപ്പോർട്ടർ ചാനൽ ഓഫീസിൽ പരിശോധന ആരംഭിച്ചത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘവും ഓഫീസിലെത്തി. എഡിജിപി പി. വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത സ്പോൺസർ ആന്റോ അഗസ്റ്റിന്റെ വീടും വയനാട്ടിലെ മറ്റ് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചും സമാന്തരമായി പരിശോധന നടക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട നിർണായക രേഖകളും മറ്റ് തെളിവുകളും കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.തട്ടിപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് മുൻ സർക്കാർ വഴിവിട്ട സഹായങ്ങൾ നൽകിയിട്ടുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. കരാറുകൾ സുതാര്യമായിരുന്നെന്നും ആവശ്യമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും സ്പോൺസർ നേരത്തെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ വാദങ്ങളെ സാധൂകരിക്കുന്ന രേഖകൾ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാനാകുമോയെന്നതും പരിശോധനയിൽ നിർണായകമാകും. കരാറുകൾ, സാമ്പത്തിക ഇടപാടുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അന്വേഷണ സംഘം വിശദമായി പരിശോധിച്ചേക്കും.






