കടുത്ത വൈദ്യുതി ലഭ്യതക്കുറവ് തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. നിലവിൽ 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്.
മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി കൃത്യസമയത്ത് ലഭിക്കാതെ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം.
ഇന്ന് മുതൽ ഡിസംബർ 31 വരെ കേന്ദ്ര വിഹിതത്തിൽ നിന്ന് പ്രതിദിനം 150 മെഗാവാട്ട് വൈദ്യുതി ലഭ്യമാകും. യൂണിറ്റിന് 30 രൂപ വരെ നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ അനുമതിയുണ്ടെങ്കിലും, ഈ ഉയർന്ന തുക നൽകി തൽക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് കെഎസ്ഇബിയുടെ തീരുമാനം. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ തേടി കെഎസ്ഇബി ഡയറക്ടർമാർ വിവിധ സംസ്ഥാനങ്ങളിലെത്തി ചർച്ചകൾ നടത്തിവരികയാണ്.
വൈദ്യുതി ഉപഭോഗം കൂടിയ ഈ സാഹചര്യത്തിൽ ഉപഭോക്താക്കൾ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപയോഗം കുറച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു.






