ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ കാലമാണ്. ഏത് അത്യാവശ്യ സമയത്തും പണമിടപാട് നടത്താന്‍ ഗൂഗിള്‍ പേ പോലുള്ള പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ചില സാഹചര്യങ്ങളില്‍ പബ്ലിക് വൈഫൈ ഉപയോഗിച്ച് പണമിടപാട് നടത്തുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?.. പൊതുസ്ഥലങ്ങളിലെ സൗജന്യ വൈഫൈ നമ്മള് വിചാരിക്കുന്നത്ര സുരക്ഷിതമല്ല. ഇതിന് പിന്നില്‍ പല സൈബര്‍ അപകടങ്ങളുണ്ട്.
ചിലപ്പോള്‍ ഹാക്കര്‍മാര്‍ യഥാര്‍ത്ഥ വൈഫൈയുടെ അതേ പേരില്‍ വ്യാജമായ ഒരു വൈഫൈ ഹോട്ട്സ്പോട്ട് ഉണ്ടാക്കി വെക്കും. എന്നിട്ട് നമ്മള് സംശയം കൂടാതെ അതില്‍ കണക്ട് ചെയ്താല്‍, നമ്മുടെ ഫോണ്‍ ഹാക്കറുടെ കണ്‍ട്രോളിലാകും. പാസ്വേഡ് ഇല്ലാത്ത പബ്ലിക് വൈഫൈ നെറ്റ്വര്ക്കുകള് ഉപയോഗിച്ച് നിങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറക്കുകയോ പാസ്വേഡുകള് ടൈപ്പ് ചെയ്യുകയോ ചെയ്താല്‍, ആ ഒരേ നെറ്റ്വര്ക്കില് തന്നെയുള്ള ഒരു ഹാക്കര്‍ക്ക് ആ വിവരങ്ങള്‍ എളുപ്പത്തില്‍ ചോര്‍ത്തിയെടുക്കാന്‍ സാധിക്കും.
സുരക്ഷ കുറഞ്ഞ ഇത്തരം നെറ്റ്വര്ക്കുകള് വഴി നിങ്ങളുടെ ഫോണിലേക്കോ ലാപ്ടോപ്പിലേക്കോ മാല്‍വെയറുകളോ വൈറസുകളോ കയറ്റിവിടാന്‍ സൈബര്‍ കുറ്റവാളികള്‍ക്ക് സാധിക്കും. പബ്ലിക് വൈഫൈ ഉപയോഗിച്ച് ഒരിക്കലും ഓണ്‍ലൈന്‍ ബാങ്കിംഗ്, പണമിടപാടുകള്‍ എന്നിവ നടത്തരുത്.
അത്യാവശ്യമായി ഉപയോഗിക്കേണ്ടി വന്നാല്‍ വിപിഎന്‍ ഉപയോഗിക്കുക. ഇത് നിങ്ങളുടെ വിവരങ്ങളെ ആര്‍ക്കും വായിക്കാന്‍ കഴിയാത്ത രൂപത്തിലാക്കി സുരക്ഷിതമാക്കും. ഇനി അടുത്ത തവണ പബ്ലിക് വൈഫൈ ഉപയോഗിക്കുന്നതിന് മുന്‍പേ ഇക്കാര്യം ഓര്‍ത്തുവെക്കൂ.






