Top Banner

ജാതീയാധിക്ഷേപ പരാതി: വിസിയുടെ വാദം തള്ളി ഗവേഷക വിദ്യാർഥിനി; സമരം തുടരും

മലയാളം സർവകലാശാലയിലെ ജാതീയാധിക്ഷേപ പരാതിയിൽ വൈസ് ചാൻസലറുടെ വാദം തള്ളി ഗവേഷക വിദ്യാർഥിനി അനഘ ശശി. പരാതിയിൽ കഴമ്പില്ലെന്ന വൈസ് ചാൻസലറുടെ പരാമർശം അംഗീകരിക്കാനാകില്ലെന്ന് അനഘ വ്യക്തമാക്കി. സർവകലാശാല പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും എന്നാൽ സർക്കാർ തലത്തിൽ വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അവർ പറഞ്ഞു.സർവകലാശാലയിലെ ഡോ. ഭരതനും ഡോ. അരുൺ ബാബുവിനുമെതിരെയാണ് അനഘ പരാതി ഉന്നയിച്ചിരിക്കുന്നത്. 2024 മുതൽ അധ്യാപകരിൽനിന്ന് ജാതീയാധിക്ഷേപവും വിവേചനവും നേരിട്ടെന്നും നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നുമാണ് അനഘയുടെ ആരോപണം.

ക്ലാസ് മുറികൾ അടിച്ചുവാരുക, പുസ്തകങ്ങളിലെ പൊടി തുടയ്ക്കുക, പെട്ടികൾ ചുമക്കുക തുടങ്ങിയ ജോലികൾ ചെയ്യിപ്പിച്ചെന്നും ഇരിക്കാൻ കസേര നൽകാതെ വരാന്തയിൽ നിർത്തിയെന്നും അനഘ ആരോപിക്കുന്നു. പരാതികൾ നൽകിയിട്ടും ഒന്നര വർഷത്തോളം കൃത്യമായ നടപടി ഉണ്ടായില്ലെന്നും പരാതികൾ ഒതുക്കിത്തീർക്കാനാണ് സർവകലാശാല അധികൃതർ ശ്രമിച്ചതെന്നും അവർ പറയുന്നു.

നേരത്തെ വിഷയത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നെങ്കിലും വിവിധ ഘട്ടങ്ങളിൽ തനിക്ക് പ്രതികൂലമായ റിപ്പോർട്ടുകളാണ് ഉണ്ടായതെന്നും അനഘ ആരോപിച്ചു. പരാതിക്ക് പിന്തുണ നൽകിയ വിദ്യാർഥിനികൾക്കും വിഷയത്തിൽ ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച ഗവേഷക വിദ്യാർഥികൾക്കും സർവകലാശാല കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായും അവർ ചൂണ്ടിക്കാട്ടി.

ആരോപണവിധേയരായ അധ്യാപകരെ അന്വേഷണ കാലയളവിൽ മാറ്റിനിർത്തണമെന്നും തനിക്ക് നീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് അനഘ സമരം നടത്തുന്നത്. സർക്കാർ ഇടപെട്ട് വ്യക്തമായ ഉറപ്പ് നൽകുന്നതുവരെ സമരം തുടരാനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.