Top Banner

ബംഗാളിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ബി.ജെ.പിയെന്ന് ആരോപണം

പശ്ചിമ ബംഗാളിലെ ബങ്കുരയിൽ സി.ജെ.പി പ്രവർത്തകന്റെ പിതാവിനെ അക്രമികൾ വീട്ടിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി. സി.ജെ.പി വളണ്ടിയറായ ഷെയ്ഖ് അബ്ദുൾ ഹഫീസിന്റെ പിതാവ് ജനാബ് മാഫിക് ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി ആരോപിച്ചു.

സി.ജെ.പിയുടെ ‘സ്കൂൾ ഠീക് കരോ’ ക്യാമ്പയിനിന്റെ ഭാഗമായി പ്രദേശത്തെ സ്കൂളിന്റെ ശോചനീയാവസ്ഥ അബ്ദുൾ ഹഫീസ് വീഡിയോയിൽ പകർത്തിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ബി.ജെ.പി ഗുണ്ടകൾ ഇവരെ ആക്രമിച്ചതെന്ന് സി.ജെ.പി ആരോപിക്കുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് അബ്ദുൾ ഹഫീസ് താൻ മുൻപ് പഠിച്ച ബങ്കുരയിലെ കരിസുന്ദ പ്രൈമറി സ്കൂളിൽ ക്യാമ്പയിനിന്റെ ഭാഗമായി പരിശോധനയ്ക്കായി പോയത്. സ്കൂളിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി അദ്ദേഹം ചില വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നു. അന്ന് രാത്രി എട്ടു മണിയോടെ ഒരു സംഘം ആളുകൾ ഇവരുടെ വീട് വളയുകയും, ഹഫീസിനെയും പ്രായമായ പിതാവിനെയും ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഫോൺ പിടിച്ചുവാങ്ങിയ അക്രമികൾ സ്കൂളിന്റെ വീഡിയോകൾ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്യിപ്പിച്ചതായും ഹഫീസ് പറയുന്നു.

“മൂർച്ചയേറിയ ആയുധങ്ങളും ബ്ലേഡും ഉപയോഗിച്ചായിരുന്നു അവർ ആക്രമിച്ചത്. എന്റെ പിതാവിനെ അവർ ക്രൂരമായി മർദ്ദിച്ചു, അദ്ദേഹത്തിന്റെ തലയിൽ തുന്നലുകൾ വേണ്ടി വന്നു,” ഹഫീസ് പറഞ്ഞു. പരിക്കേറ്റ ഇരുവരെയും പ്രാദേശിക സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ചയോടെ പിതാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിലും പോലീസ് സ്റ്റേഷനിലും വെച്ചും അക്രമികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായും, വീണ്ടും ഇത്തരം വീഡിയോകൾ എടുത്താൽ കൊല്ലുമെന്ന് പറഞ്ഞതായും ഹഫീസ് വെളിപ്പെടുത്തി.

 

സംഭവത്തിൽ ബി.ജെ.പി പ്രവർത്തകർക്കെതിരെ രൂക്ഷവിമർശനവുമായി സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയും സഹകൺവീനർ അശുതോഷ് റാങ്കയും രംഗത്തെത്തി. സർക്കാർ സ്കൂളുകളുടെ മോശം അവസ്ഥയെക്കുറിച്ച് സംസാരിച്ചതിനാണ് അബ്ദുൾ ഹഫീസിനെയും പിതാവിനെയും ബി.ജെ.പി ഗുണ്ടകൾ ആക്രമിച്ചതെന്ന് അവർ പറഞ്ഞു.

“മെച്ചപ്പെട്ട സ്കൂളുകൾ ആവശ്യപ്പെട്ടതിന്റെ പേരിൽ ആളുകൾ കൊലചെയ്യപ്പെടുന്നത് രക്തം തിളപ്പിക്കുന്ന കാര്യമാണ്. സി.ജെ.പി അബ്ദുളിനും കുടുംബത്തിനുമൊപ്പം ഉറച്ചുനിൽക്കും. ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണം. സി.ജെ.പി സംഘം പശ്ചിമ ബംഗാൾ സന്ദർശിച്ച് കുടുംബത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. അക്രമത്തിലൂടെ നിശബ്ദരാക്കാമെന്ന് കരുതേണ്ടന്നും മെച്ചപ്പെട്ട സ്‌കൂളുകൾക്കായി പോരാട്ടം തുടരുമെന്നും” ദീപ്കെ വ്യക്തമാക്കി. പശ്ചിമ ബംഗാൾ പൊലീസിനെയും സി.ജെ.പി നേതാക്കൾ രൂക്ഷമായി വിമർശിച്ചു.

 

അതേസമയം, സംഭവത്തിൽ പ്രതികരിച്ച് ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ പ്രവർത്തകർക്ക് ഇതിൽ പങ്കുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്ന് ബി.ജെ.പി ബംഗാൾ വക്താവ് കേയ ഘോഷ് പറഞ്ഞു. “തൃണമൂൽ കോൺഗ്രസ് ഭരണത്തിലായിരുന്നപ്പോൾ ഇയാൾ സ്കൂളുകളിൽ സോഷ്യൽ ഓഡിറ്റ് നടത്താൻ തയ്യാറായിരുന്നോ? ഇത് പുതിയ ബി.ജെ.പിയെ അപകീർത്തിപ്പെടുത്താനുള്ള തൃണമൂലിന്റെയും ഇടതുപക്ഷത്തിന്റെയും തന്ത്രം മാത്രമാണ്,” അവർ ആരോപിച്ചു.

സംഭവമറിഞ്ഞയുടൻ ഇൻഡാസ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി ബങ്കുര എസ്.പി വി.ജി സതീഷ് പശുമർത്തി പറഞ്ഞു. സംഭവത്തിൽ സംശയമുള്ളവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും, കുടുംബത്തിന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചാലുടൻ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഫ്.ഐ.ആർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.