ചോദ്യച്ചോർച്ചകളിൽ നടപടി ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി പോസ്റ്റ് ചെയ്ത സെൽഫി വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കാനിടയായ സംഭവത്തിൽ നടപടികളുമായി കേന്ദ്രസർക്കാർ. ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും അല്ലെങ്കിൽ ഐ.ടി. നിയമം ഉറപ്പുനൽകുന്ന നിയമപരിരക്ഷ നീക്കം ചെയ്യുമെന്നും അറിയിച്ച് കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി പാർലമെന്ററി സമിതി മെറ്റയ്ക്ക് അന്ത്യശാസനം നൽകി. മൂന്നു ദിവസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
140 കോടി ഇന്ത്യക്കാരുടെ പ്രതിനിധിയായ പ്രധാനമന്ത്രി മോദിയുടെ വീഡിയോ നീക്കംചെയ്ത നടപടി ‘ജനാധിപത്യത്തിനുനേരെയുള്ള ആക്രമണമാണ്’ എന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള സമിതി വ്യക്തമാക്കി.
ഈ വിഷയത്തിൽ ഉത്തരവാദികളായവർക്കെതിരെ ഫെയ്സ്ബുക്ക് നടപടിയെടുത്തില്ലെങ്കിൽ കമ്പനിക്ക് നിയമപരിരക്ഷ നൽകുന്ന ‘സേഫ് ഹാർബർ’ വകുപ്പ് നീക്കംചെയ്യും. മാർക്ക് സക്കർബർഗ് മാപ്പുപറയേണ്ടിവരും. അല്ലെങ്കിൽ കേസ് രജിസ്റ്റർ ചെയ്തേക്കാമെന്നും സമിതി അറിയിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, സെർച്ച് എഞ്ചിനുകൾ, വെബ്സൈറ്റുകൾ, ഇൻ്റർനെറ്റ് സർവീസ് പ്രൊവൈഡർമാർ തുടങ്ങിയ ഇൻ്റർമീഡിയറികൾക്ക് ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് നൽകുന്ന നിയമപരമായ സംരക്ഷണമാണ് ഐടി നിയമത്തിലെ സെക്ഷൻ 79 ൽ പറയുന്ന ‘സേഫ് ഹാർബർ’ സംരക്ഷണം.
അതേസമയം ഈ സംഭവത്തിൽ വിശദീകരണം നൽകുന്നതിന് മെറ്റ കമ്പനിയുടെ ആഗോള നേതൃസംഘം ഡൽഹിയിലെത്തിയിട്ടുണ്ട്. മെറ്റയുടെ പബ്ലിക് പോളിസി മേധാവി ജോയൽ കപ്ലാനും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. ബുധൻ, വ്യാഴം ദിവസങ്ങളിൽ സംഘം തലസ്ഥാനത്തുണ്ടാകുമെന്നും കമ്പനിയോട് വിശദീകരണം ചോദിക്കുമെന്നും കേന്ദ്ര ഐ.ടി. സെക്രട്ടറി എസ്. കൃഷ്ണൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജൂലായ് 23-ലെ വീഡിയോ കുറച്ചുസമയത്തേക്ക് നീക്കംചെയ്തതിന്റെ പേരിലാണ് കേന്ദ്രം കർശന നടപടികളുമായി മുന്നോട്ടുപോകുന്നത്. സംഭവത്തിൽ മെറ്റ നേരത്തെ ക്ഷമാപണം നടത്തിയിരുന്നു. എന്നാൽ, ഈ സംഭവത്തിൽ കമ്പനി ചൂണ്ടിക്കാണിച്ച ‘സാങ്കേതിക തകരാറിനെക്കുറിച്ച്’ വിശദീകരിക്കുന്ന രേഖാമൂലമുള്ള റിപ്പോർട്ടും ഒപ്പം പോസ്റ്റ് നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള മാപ്പപേക്ഷയും സർക്കാർ ആവശ്യപ്പെട്ടേക്കുമെന്നാണ് വിവരങ്ങൾ.






