കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾക്ക് മന്ത്രി ജെ.പി. നഡ്ഡയുടെ വസതിയിലേക്ക് പോകാനില്ലെന്ന് നിലപാട് വ്യക്തമാക്കി സിജെപി. ജന്തർ മന്തറിൽവെച്ച് സിജെപിയുമായി ചർച്ചനടത്താൻ കേന്ദ്രത്തിന് താൽപര്യമില്ലെങ്കിൽ കോൺസ്റ്റിറ്റിയൂഷൻ ക്ലബ് പോലെയുള്ള നിഷ്പക്ഷവേദിയിൽ ചർച്ചയാകാമെന്നും സിജെപി വക്താവ് സൗരവ് ദാസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്തു.
തിങ്കളാഴ്ച സിജെപി പ്രതിനിധികളായ സൗരവ് ദാസ്, അഷുതോഷ് റാങ്ക എന്നിവർ കേന്ദ്രമന്ത്രി ജെ.പി. നഡ്ഡയെ കാണുകയും പ്രതിഷേധക്കാരുടെ ആവശ്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത് കൈമാറുകയും ചെയ്തിരുന്നു. സോനം വാങ്ചുക്കിനെ അടിയന്തരമായി വിട്ടയക്കുക, ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, ജീവനൊടുക്കിയ നീറ്റ് പരീക്ഷാർഥികളുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം നൽകുക എന്നീ ആവശ്യങ്ങളായിരുന്നു കത്തിലുണ്ടായിരുന്നത്.
അതേസമയം, സിജെപിയുമായി വീണ്ടും ചർച്ചനടത്താനുള്ള നീക്കത്തിലാണ് കേന്ദ്രം. ഇതിനായി മന്ത്രിമാരായ ജെ.പി. നഡ്ഡയെയും ജിതേന്ദ്ര സിങ്ങിനെയും നിയോഗിച്ചേക്കുമെന്നാണ് വിവരം.






