തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് നായകനാകുന്ന ബിഗ് ബജറ്റ് രാഷ്ട്രീയ ചിത്രം ‘ജനനായകൻ’ ജൂലൈ 23ന് തിയറ്ററുകളിൽ എത്താൻ ഒരുങ്ങവെ, ശ്രദ്ധേയമായ പ്രതികരണവുമായി സംവിധായകൻ എച്ച്. വിനോദ്. ഈ സിനിമയെ വിജയ്‌യുടെ അവസാന ചിത്രമായി കാണുന്നതിന് പകരം, മുഖ്യമന്ത്രി വിജയ്‌യുടെ ആദ്യ സിനിമ ആയി കാണുന്നതാണ് കൂടുതൽ ശരിയെന്ന് സംവിധായകൻ പറഞ്ഞു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് എച്ച്. വിനോദ് സിനിമയുടെ രാഷ്ട്രീയ പ്രാധാന്യത്തെക്കുറിച്ചും സർട്ടിഫിക്കേഷൻ വിവാദങ്ങളെക്കുറിച്ചും മനസ്സ് തുറന്നത്.
‘ഇത് വിജയ്‌യുടെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. എന്നാൽ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് തീർത്തു പറയാം. ഇതൊരു സാധാരണ കമേഴ്സ്യൽ സിനിമ മാത്രമായി കാണരുത്. വിജയ് എന്ന നടനെ മഹത്വവൽക്കരിക്കാൻ വേണ്ടി മാത്രം നിർമിച്ച ഒന്നല്ല ഇത്. തികച്ചും സംവേദനക്ഷമവും ആഴത്തിലുള്ളതുമായ രാഷ്ട്രീയമാണ് ചിത്രം സംസാരിക്കുന്നത്. കാണികളിൽ മികച്ച ചർച്ചകൾക്ക് ഈ ചിത്രം വഴിവെക്കുമെന്ന് ഞാൻ കരുതുന്നു’എച്ച്. വിനോദ് പറയുന്നു.
ജനനായകൻ എന്ന തലക്കെട്ടിന് ഇരട്ട അർത്ഥമുണ്ടെന്നും വിനോദ് വ്യക്തമാക്കി. ഒന്ന്, ജനങ്ങളുടെ നായകനായ വിജയ്. രണ്ട്, കഥയിൽ ജനാധിപത്യത്തെ സംരക്ഷിക്കാൻ പോരാടുന്ന കഥാപാത്രം. ജനാധിപത്യത്തെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂട താല്പര്യങ്ങളും അത് സംരക്ഷിക്കാൻ പോരാടുന്നവരും തമ്മിലുള്ള കടുത്ത സംഘർഷമാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൊങ്കൽ റിലീസായി ജനുവരി 9ന് തിയറ്ററുകളിൽ എത്തേണ്ടിയിരുന്ന സെൻസർ ബോർഡുമായുള്ള നീണ്ട നിയമപോരാട്ടങ്ങളെ തുടർന്ന് മാസങ്ങളോളം വൈകുകയായിരുന്നു.
ചിത്രത്തിലെ കടുത്ത രാഷ്ട്രീയ സന്ദേശങ്ങൾ പൊതുജനവികാരത്തെ ബാധിക്കുമെന്ന ആക്ഷേപങ്ങൾ ഉയർന്നതോടെ കേസ് ഹൈകോടതിയിലും സുപ്രീം കോടതിയിലുമെത്തി. ഒടുവിൽ റിവൈസിങ് കമ്മിറ്റിയുടെ പരിശോധനക്ക് ശേഷമാണ് സിനിമക്ക് എ സർട്ടിഫിക്കറ്റ് ലഭിച്ചത്. വിജയ് ചിത്രങ്ങൾ സാധാരണയായി കുട്ടികളും കുടുംബങ്ങളും തിയറ്ററുകളിൽ എത്തി ആഘോഷിക്കാറുള്ളതിനാൽ എ സർട്ടിഫിക്കറ്റ് ലഭിച്ചതിൽ നിരാശയുണ്ടെന്ന് സംവിധായകൻ വിനോദ് കൂട്ടിച്ചേർത്തു.

12 കോടി പ്രതിഫലം വാഗ്ദാനം ചെയ്ത് ഉദയനിധി സ്റ്റാലിൻ; തൃഷയുടെ തീരുമാനം എന്താകും?





