Top Banner

മുഖ്യമന്ത്രി വിഡി സതീശനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യർ; കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാർ

മുഖ്യമന്ത്രി വി ഡി സതീശനെതിരെ തുറന്നടിച്ച് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. കെഎസ്‌യു തട്ടകമായ തേവര എസ് എച്ച് കോളേജില്‍ നടന്ന ഹെല്‍ത്ത് സമ്മിറ്റിനിടെ അലോഷ്യസ് സേവ്യറിനെ അവഗണിച്ച് മടങ്ങുകയായിരുന്നു മുഖ്യമന്ത്രി. പിന്നാലെയായിരുന്നു പ്രതികരണം.

 

സമുന്നതരെ കാണുമ്പോള്‍ ചിരിക്കുകയെന്നതാണ് താന്‍ പഠിച്ച രാഷ്ട്രീയം. കെഎസ്‌യുക്കാരുടെ ചോരയും നീരുമാണ് ഈ സര്‍ക്കാര്‍. തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. അത് മാത്രമാണ് താന്‍ ചെയ്ത തെറ്റ്. അങ്ങനെയെങ്കിൽ ആ തെറ്റ് തുടരുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയെ കാണാന്‍ പറ്റാത്തത് തെറ്റായി കാണുന്നില്ല. ഇനിയും കാണാന്‍ ശ്രമിക്കുമെന്നും അലോഷ്യസ് പറഞ്ഞു.

‘എന്റെ കൂടി മുഖ്യമന്ത്രിയാണ്. സ്വതന്ത്ര നിലപാട് ഉള്ള സംഘടനയാണ് കെഎസ്‌യു. ഗവണ്‍മെന്റ് പ്ലീഡര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയോട് ആശങ്കകള്‍ പറയും. മുഖ്യമന്ത്രി തിരിച്ചു ചിരിക്കാത്തതിന് മറുപടിയില്ല. ഞാന്‍ പഠിച്ച രാഷ്ട്രീയം ചിരിക്കുക എന്നതാണ്. കെഎസ്‌യുവിന്റെ സങ്കടം കേള്‍ക്കാന്‍ തയാറെന്ന് പാര്‍ട്ടി നേതൃത്വം പറഞ്ഞു. വിഷമം ഉണ്ട്, ഞാനും മജ്ജയും മാംസവുമുള്ള മനുഷ്യനല്ലേ. സംഘടനാബോധത്തില്‍ നിന്നുള്ള കാര്യങ്ങള്‍ ആണ് ചൂണ്ടിക്കാട്ടിയത്’, അലോഷ്യസ് കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി-കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വി ഡി സതീശനും അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തിയത്. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ അവഗണിച്ച് മടങ്ങുകയായിരുന്നു. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന്‍ അലോഷ്യസിന് മുഖം കൊടുത്തതേയില്ല.

നിയമന വിവാദത്തില്‍ കെഎസ്‍യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. കെഎസ്‍യു നേതൃത്വത്തെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്‍യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എംഎല്‍ എയും രംഗത്തെത്തിയിരുന്നു.

Disclaimer: “The images and content displayed on this website are used strictly for demo and illustrative purposes only. Some images and media may be sourced from external platforms such as Google Images, Instagram, Facebook, X (Twitter), and other publicly available internet sources. We do not claim ownership of third-party content unless explicitly stated.”

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ WiderStand Media യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നിയമപ്രകാരം വ്യക്തി, സമൂഹം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ്.