പാലക്കാട് ജില്ലയിലെ ചുവപ്പൻ കോട്ടയായ കോങ്ങാട് ഇക്കുറി ചരിത്രപരമായ ഒരു പോരാട്ടത്തിനാണ് സാക്ഷ്യം വഹിച്ചത്. മണ്ഡല പുനർനിർണ്ണയത്തിന് ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തെ മാത്രം തുണച്ച ഈ മണ്ണിൽ, ഇക്കുറി മൂന്ന് മുന്നണികളും വനിതാ സ്ഥാനാർത്ഥികളെ അണിനിരത്തി ‘പെൺകരുത്തിൻ്റെ’ പോരാട്ടഭൂമിയായി കോങ്ങാടിനെ മാറ്റിയിരിക്കുകയാണ്.
ഇടതുകോട്ട കാക്കാൻ ശാന്തകുമാരി
സിറ്റിംഗ് എം.എൽ.എയായ അഡ്വ. കെ. ശാന്തകുമാരിയിലൂടെ മണ്ഡലം നിലനിർത്താമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽ.ഡി.എഫ്. കഴിഞ്ഞ അഞ്ച് വർഷത്തെ വികസന നേട്ടങ്ങളും, ജനങ്ങൾക്കിടയിലുള്ള സ്വാധീനവുമാണ് ശാന്തകുമാരിയുടെ പ്രധാന ആയുധം. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന നിലയിലുള്ള ഭരണപരിചയവും താഴെത്തട്ടിലുള്ള പ്രവർത്തകരുമായുള്ള ബന്ധവും ഇടതുകോട്ടയിൽ വില്ലൽ വീഴില്ലെന്ന സൂചനയാണ്.
പിടിച്ചെടുക്കാൻ കെ.എ. തുളസി
യു.ഡി.എഫ് ഇക്കുറി കോങ്ങാട് പിടിച്ചെടുക്കാൻ രംഗത്തിറങ്ങിയിരിക്കുന്നത് കെ.എ. തുളസിയെയാണ്. മുസ്ലിം ലീഗിൽ നിന്നും ഏറ്റെടുത്ത ഈ സീറ്റിൽ തുളസിയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിൽ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരവും കാർഷിക മേഖലയിലെ പ്രതിസന്ധികളും ഉയർത്തിക്കാട്ടി യു.ഡി.എഫിൻ്റെ പ്രചാരണം. വോട്ടുകൾ ഏകീകരിക്കപ്പെട്ടാൽ അട്ടിമറി വിജയം നേടാനാകുമെന്ന് അവർ വാഗ്ദാനം ചെയ്യുന്നു.
നിർണ്ണായകമായി രേണു സുരേഷ്
എൻ.ഡി.എ സ്ഥാനാർത്ഥിയായി എത്തുന്ന രേണു സുരേഷ് ഇക്കുറി മണ്ഡലത്തിൽ ത്രികോണ മത്സരത്തിനുള്ള സാധ്യതയാണ് തുറന്നിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കാഴ്ചവെച്ച മുന്നേറ്റം ഇക്കുറി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ. പട്ടികജാതി വോട്ടുകളിലെ വിഭജനവും കേന്ദ്ര സർക്കാരിൻ്റെ പദ്ധതികളും തങ്ങൾക്ക് അനുകൂലമാകുമെന്ന് അവർ വിശ്വസിക്കുന്നു. 2016-ൽ അപേക്ഷിച്ച് 2021-ൽ ബി.ജെ.പിക്ക് 4,234 വോട്ടുകളുടെ വർധനവ് ഉണ്ടായിട്ടുണ്ട്. വോട്ട് ശതമാനത്തിൽ ഏകദേശം 2% വർധനവാണ് രേഖപ്പെടുത്തിയത്. എം ശാന്തികുമാരി കഴിഞ്ഞ തിരഞ്ഞടുപ്പിൽ 28,034 വോട്ടുകളാണ് എൻഡിഎക്കായി നേടിയത്
.
മണ്ഡലത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ
നെൽകൃഷിക്ക് പേരുകേട്ട കോങ്ങാടിലെ കർഷകരുടെ പ്രശ്നങ്ങളും നെല്ല് സംഭരണത്തിലെ പാകപ്പിഴകളും വോട്ടർമാരെ സ്വാധീനിക്കും. നടപ്പിലാക്കിയ പദ്ധതികൾ വോട്ടായി മാറുമോ അതോ പുതിയ മാറ്റം വോട്ടർമാർ ആഗ്രഹിക്കുമോ എന്നതാണ് പ്രധാന ചോദ്യം. മണ്ഡലത്തിലെ ഭൂരിഭാഗം വരുന്ന സ്ത്രീ വോട്ടർമാർ ആർക്കൊപ്പം നിൽക്കും എന്നത് ഫലപ്രഖ്യാപനത്തിൽ നിർണ്ണായകമാകും.
പ്രതീക്ഷകൾ ഇങ്ങനെ
എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യത്യാസം കുറയുന്ന സാഹചര്യത്തിൽ ബി.ജെ.പി. 28,000-ത്തോളം വോട്ടുകൾ ജയപരാജയങ്ങളെ നിശ്ചയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. രേണു സുരേഷ് തന്നെ വീണ്ടും ബി.ജെ.പിക്ക് വേണ്ടി രംഗത്തിറങ്ങുമ്പോൾ, 2016-ൽ അവർ നേടിയതിനേക്കാൾ (23,800 വോട്ട് ) വലിയൊരു മുന്നേറ്റത്തിന് പാർട്ടിയുണ്ട്. കഴിഞ്ഞ തവണ ശാന്തികുമാരി നേടിയ വോട്ടുകൾ 30,000-ത്തിന് മുകളിൽ എത്തിക്കുക എന്നതാണ് എൻ.ഡി.എയുടെ ലക്ഷ്യം. ഇടതുപക്ഷത്തിന് വലിയ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും, മൂന്ന് വനിതാ സ്ഥാനാർത്ഥികൾ നേർക്കുനേർ വരുമ്പോൾ വ്യക്തിപരമായ മികവുകൾക്കും പ്രാദേശിക ബന്ധങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ആവേശകരമായ പ്രചാരണ പ്രവർത്തനങ്ങൾക്കൊടുവിൽ കോങ്ങാടിൻ്റെ മനസ്സ് ആർക്കൊപ്പമാകുമെന്ന് അറിയാൻ വോട്ടെണ്ണൽ ദിനം വരെ കാത്തിരിക്കണം.
