എഡിജിപി എംആർ അജിത് കുമാറിന് വീണ്ടും തിരിച്ചടി. ശബരിമലയിൽ നടപ്പാക്കിയിരിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതിയിൽ നോഡൽ ഓഫീസർ എഡിജിപി പി വിജയനെതിരെ അജിത് കുമാർ നൽകിയ റിപ്പോർട്ട് സർക്കാർ തള്ളി. പി വിജയന് ക്ലീൻ ചിറ്റ് നൽകിയ ഉത്തരവിൽ പുണ്യം പൂങ്കാവനം തുടരാനും അനുമതി നൽകി. ശബരിമലയിൽ പൊലീസ് നടപ്പിലാക്കിയിരുന്ന പദ്ധതിയാണ് പുണ്യം പൂങ്കാവനം.
എരുമേലി, സന്നിധാനം, പമ്പ, നിലയ്ക്കൽ, കാനനപാത തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2011ലാണ് പുണ്യം പൂങ്കാവനം പദ്ധതിക്ക് പൊലീസ് രൂപം നൽകിയത്. മാലിന്യനിർമ്മാർജനത്തിന് നിയോഗിക്കപ്പെട്ട തൊഴിലാളികൾക്കൊപ്പം ഇവിടെ ജോലിക്കെത്തുന്ന സർക്കാർ ജീവനക്കാർ, പൊലീസുകാർ, അയ്യപ്പസേവാസംഘം പ്രവർത്തകർ എന്നിവരും പങ്കാളികളായി ഊഴമനുസരിച്ച് ശുചീകരണപ്രവർത്തനം നടത്തുന്നതായിരുന്നു പദ്ധതി.
കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച ശബരിമല സാനിട്ടേഷൻ സൊസൈറ്റി പ്രവർത്തകരും ഇതിൽ പങ്കാളികളായിരുന്നു. പദ്ധതിയുടെ മറവിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന പരാതിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് മുൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത് കുമാറിനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിരുന്നു.
പി വിജയനെതിരെ ഗുരുതര ആരോപണങ്ങളടക്കുന്ന റിപ്പോർട്ടാണ് ഹൈക്കോടതിയിൽ അജിത് കുമാർ നൽകിയത്. ശബരിമല ചീഫ് കോ – ഓഡിനേറ്ററായിരുന്ന അജിത് കുമാർ പുണ്യം പുങ്കാവനം നിർത്തുകയും ചെയ്തു. തുടർന്ന് ഉന്നത ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങളിൽ സർക്കാർ തലത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര സെക്രട്ടറി നടത്തിയ അന്വേഷണത്തിലാണ് പി വിജയന് ക്ലിൻ ചിറ്റ് നൽകി ഉത്തരവിറക്കിയത്. പി വിജയൻ നൽകിയ വിശദീകരണം അംഗീകരിച്ച സർക്കാർ ക്രമക്കേടില്ലെന്നും ഉത്തരവിൽ പറയുന്നു.

അവഗണനയിൽ അസന്തുഷ്ടൻ; രാജി സാധ്യത തുറന്ന് രമേശ് ചെന്നിത്തല




