ആശങ്കയിൽ കുടിയൊഴിയാൻ വിധിക്കപ്പെട്ട കോന്തുരുത്തി നിവാസികൾ; ഹൈക്കോടതി വിധി പാലിക്കണമെന്നും ആവശ്യം

കൊച്ചി കോർപ്പറേഷൻ്റെ പുതിയ നിബന്ധനകളിൽ ആശങ്കയോടെ അമ്പത്തിരണ്ടാം ഡിവിഷനിലെ തേവര കോന്തുരുത്തി നിവാസികൾ. സാമൂഹിക നീതി ഉറപ്പാക്കി 129 കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന ഹൈക്കോടതി വിധി പാലിക്കപ്പെടുമോ എന്ന ആശങ്കയിലാണ് കുടിയൊഴിപ്പിക്കൽ ഭീഷണിയിലുള്ള കുടുംബങ്ങൾ. അധികാരമൊഴിഞ്ഞ സിപിഎം നേതൃത്വത്തിലുള്ള കോർപ്പറേഷൻ ഭരണ സമിതി, കോടതി വിധി നടപ്പാക്കം വരുത്തിയ വീഴ്ചയാണ് പ്രദേശവാസികളുടെ ആശങ്കകൾക്ക് അടിസ്ഥാനം.

കുടി ഒഴിപ്പിക്കുന്നവർക്ക് പുനരധിവാസം ഉറപ്പാക്കണം എന്ന കോടതി ഉത്തരവ് ഒരു ബാധ്യതയായി യുഡിഎഫ് നേതൃത്വത്തിലുളള പുതിയ ഭരണസമിതി കാണുന്നു എന്നാണ് ഉയരുന്ന വിമർശനം. പതിനാല് ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം ഓരോ കുടുംബത്തിനും നൽകാൻ നിബന്ധനകൾ വച്ചിരിക്കുകയാണ് പുതിയ മേയർ.

മേയറുടെ വിചിത്രമായ നിബന്ധനകൾ

  • തുക കൈപ്പറ്റിക്കഴിഞ്ഞാൽ 7 ദിവസിത്തിനകം ഒഴിഞ്ഞ് പോകുകയും താമസക്കാർ തന്നെ കെട്ടിടങ്ങൾ പൊളിച്ച് കൈമാറുകയും വേണം.
  • കുടി ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾ ഇത്രയും കാലത്തെ (താമസിച്ച കാലം വരെ) നികുതി അടയ്ക്കണം.
  • തേവര അർബൻ ബാങ്കിലുള്ള ബാധ്യതകൾ തീർത്ത് എൻഒസി വാങ്ങണം.

കുടി ഒഴിപ്പിക്കപ്പെട്ടവരിൽ ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രദേശത്ത് സ്വന്തമായി വീടും സ്ഥലവും ഉള്ളവരാണ്. കൊമേഴ്സ്യൽ ആവശ്യത്തിന് വീടുകൾ ഉപയോഗിച്ച് മാസം വൻതോതിൽ വരുമാനം ഉണ്ടാക്കുന്നവർക്ക് നിബന്ധനകളിൽ ആശങ്കയില്ലെന്നും അത് ബാധിക്കുക സാധാരണക്കാരെ മാത്രമാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്.

ജനിച്ച മണ്ണിൽ നിന്നും എന്നന്നേക്കുമായി ഇറങ്ങിപ്പോകുന്നവരോട് സാമാന്യ നീതി ഉറപ്പാക്കണം എന്നാണ് ഉയരുന്ന ആവശ്യം. കുടിയിറക്കപ്പെടുന്നതോടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും, തങ്ങളുടെ തൊഴിലിനെയും അടക്കം ബാധിക്കുമെന്ന ആശങ്കയിലും ഉത്ഘണ്ഠയിലുമാണ് പ്രദേശവാസികൾ. കോടതി വിധി കൃത്യമായി നടപ്പാക്കാൻ കോർപ്പറേഷൻ മേയർ തയ്യാറായി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കുടി ഒഴിപ്പിക്കാൻ വിധിക്കപ്പെട്ടവർ ആവശ്യപ്പെടുന്നു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *