സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ച മാസപ്പടി കേസിന്റെ തുടർനടപടികളുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർണായക നീക്കങ്ങളിലേക്ക് കടക്കുന്നു.കേസില്‍ തുടർനടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആഭ്യന്തര സെക്രട്ടറി അഡ്വക്കേറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടി.
കേസിന്റെ അന്വേഷണം സംസ്ഥാന വിജിലൻസിനെ ഏല്‍പ്പിക്കണമെന്ന നിലപാടിലാണ് സംസ്ഥാന പൊലീസ് മേധാവി ഉള്ളത്.മാസപ്പടി വിഷയത്തില്‍ പൊലീസിന്റെ നിലപാട് വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് ഡിജിപി കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലത്തിന് കൈമാറിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് ഈ റിപ്പോർട്ട് പരിഗണിച്ച് ആഭ്യന്തര വകുപ്പ് എജിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവർക്കെതിരെ കേസെടുക്കുമോ എന്നതടക്കമുള്ള രാഷ്ട്രീയ പ്രാധാന്യമുള്ള വിഷയമായതിനാല്‍ വളരെ കരുതലോടെയാണ് സർക്കാരിന്റെ നീക്കം.നിയമപരമായി തിരിച്ചടികള്‍ ഉണ്ടാകാതിരിക്കാൻ, എജിയില്‍ നിന്നും വ്യക്തമായ നിയമോപദേശം ലഭിച്ച ശേഷം മാത്രം അന്തിമ തീരുമാനവും തുടർനടപടികളും സ്വീകരിച്ചാല്‍ മതിയെന്നാണ് ആഭ്യന്തരവകുപ്പ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കിയിരിക്കുന്നത്.
അഡ്വക്കേറ്റ് ജനറലിന്റെ അനുകൂല മറുപടി ലഭിക്കുന്നതോടെ അന്വേഷണം വിജിലൻസിന് കൈമാറുന്ന കാര്യത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക ഉത്തരവിറങ്ങിയേക്കും. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള കേന്ദ്ര ഏജൻസികള്‍ അന്വേഷിക്കുന്ന കേസിലാണ് സംസ്ഥാന സർക്കാരും സമാന്തരമായി വിജിലൻസ് അന്വേഷണത്തിന് ഒരുങ്ങുന്നത്.






