മാസപ്പടി കേസിൽ ഇ.ഡി നിലപാട് കടുപ്പിച്ചതോടെ പ്രതിരോധത്തിലായി സി.പി.എം. ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് സി.പി.എം വാദിക്കുന്നത്. വീണയുടെ പിതാവ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെയാണ് കേന്ദ്ര ഏജൻസികൾ ലക്ഷ്യംവയ്ക്കുന്നതെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
എന്നാൽ സി.പി.എം വാദത്തെ എൽ.ഡി.എഫിലെ മുഖ്യ ഘടകകക്ഷിയായ സി.പി.ഐ തള്ളുകയാണ്. മറ്റു ഘടക കക്ഷികൾ കൂടി മൗനംപാലിക്കുന്നതോടെ സി.പി.എം കൂടുതൽ ഒറ്റപ്പെട്ടു. രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന നിലപാട് സ്വീകരിച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേസ് രാഷ്ട്രീയപ്രേരിതമെന്ന സി.പി.എം നിലപാടിനെ തള്ളിയത്.
അതേസമയം, സി.പി.എമ്മിനുള്ളിൽ തന്നെ മാസപ്പടി വിഷയത്തിൽ രണ്ടു നിലപാടാണ് ഉള്ളത്. ഒരു വിഭാഗം മൗനം പാലിക്കുകയാണ്. ഓരോ ദിവസവും പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ പിണറായി തന്നെ മറുപടി പറയട്ടെ എന്നാണ് ഇവരുടെ നിലപാട്.
അതേസമയം കോർപറേറ്റ് തട്ടിപ്പ്, കൈക്കൂലി ഇടപാടുകൾ,ഹവാല മാർഗങ്ങളിലൂടെ പണം കൈമാറിയതുമായി ബന്ധപ്പെട്ട തെളിവുകൾ എന്നിവ നിരത്തി മുൻ മന്ത്രിയും സി.പി.എം സെക്രട്ടേറിയേറ്റ് അംഗവുമായ മുഹമ്മദ് റിയാസിനും കൂടി കുരുക്കൊരുക്കുകയാണ് ഇ.ഡി. ഔദ്യോഗിക വരുമാന സ്രോതസുകൾക്കപ്പുറമുള്ള തുകകൾ വീണ കൈകാര്യം ചെയ്തിരുന്നതായി ഇ.ഡി കണ്ടെത്തിയതു വീണ തന്നെ എഴുതി തയാറാക്കിയ ഡയറിയിൽ നിന്നുമാണ്.
മാസപ്പടി കേസിൽ വാർത്താക്കുറിപ്പ് ഇറക്കിയതോടെ ഈ വിഷയത്തിൽ ഇ.ഡി പുലർത്തുന്ന ഗൗരവം വ്യക്തമാണ്.
മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ എന്നു രേഖപ്പെടുത്തിയാണ് ഇ.ഡി വീണ വിജയനെതിരേ രേഖകൾ പുറത്തുവിടുന്നത്. എക്സാലോജിക് സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്നത് ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കമ്പനി എന്നു രേഖപ്പെടുത്തുമ്പോൾ തന്നെ സേവനം നൽകാനല്ലെന്ന് ഇ.ഡി വ്യക്തമാക്കുകയാണ്.
വീണയുടെ കൈപ്പടയിലുള്ള ഡയറിയിൽ പണം കൈകാര്യം ചെയ്ത വ്യക്തികളുടെ പേരുകൾ, ചെലവഴിച്ച തുകകൾ, ദുബൈയിലേക്ക് മാറ്റിയ തുക തുടങ്ങിയ വിവരങ്ങൾ അടങ്ങിയിട്ടുണ്ടായിരുന്നുവെന്നാണ് ഇ.ഡി പറയുന്നത്. യു.എ.ഇ ദിർഹം, ഇന്ത്യൻ രൂപ എന്നിവയിലുള്ള സാമ്പത്തിക വിവരങ്ങളാണ് ഡയറിയിൽ ഉണ്ടായിരുന്നതെന്നാണ് ഇ.ഡി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ദുബൈയിലേക്കു മാത്രം 20.05 കോടി രൂപയാണ് അയച്ചിരിക്കുന്നതെന്നും ഇ.ഡി പറയുന്നു







