സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി രൂപീകരിച്ച ഫണ്ടിൽ ഇനി ബാക്കിയുള്ളത് 12,83,86,161 കോടി രൂപയെന്ന് സഹായ സമിതി. ഈ തുകയുടെ ആദായനികുതി (Income Tax) നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം, സമാനമായ രീതിയിൽ ദുരിതമനുഭവിക്കുന്ന മറ്റുള്ളവരുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
റഹീമിന്റെ മോചനത്തിനായി ആകെ 47,87,65,947 രൂപയാണ് ലോകമെമ്പാടുമുള്ള മലയാളി കൂട്ടായ്മകളിൽ നിന്നും പൊതുജനങ്ങളിൽ നിന്നുമായി സമാഹരിച്ചത്. ഇതിൽ ദയാധനമായി (ബ്ലഡ് മണി) 34,14,35,000 രൂപ (1.5 കോടി സൗദി റിയാൽ) റിയാദിലെ ഇന്ത്യൻ എംബസി വഴി സൗദി കോടതിയിൽ അടച്ചു കഴിഞ്ഞു. ബാങ്ക് ചാർജുകൾ, ഓഡിറ്റിങ് ഫീസ്, വാർത്താസമ്മേളനങ്ങൾ, റിയാദിലെ സമിതിയുടെ പ്രവർത്തനച്ചെലവുകൾ എന്നിവയ്ക്കായി 89,44,786 രൂപ ചിലവായി.
വലിയൊരു തുക അക്കൗണ്ടിലേക്ക് വന്നതിനാൽ ആദായനികുതി വകുപ്പിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കേണ്ടതുണ്ട്. ഇതിനായുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്. നികുതി നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക്, നിയമവിദഗ്ദ്ധരുമായി ആലോചിച്ച് ബാക്കി തുക എങ്ങനെ ജനപ്രയോജനപ്രദമായി വിനിയോഗിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്ന് സമിതി ഭാരവാഹികൾ വ്യക്തമാക്കി






