മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു.
. ‘ഇന്ത്യ’ മുന്നണി യോഗത്തിൽ പങ്കെടുക്കാൻ മമത ബാനർജിയും അഭിഷേക് ബാനർജിയും ഡൽഹിയിലെത്തിയ സമയത്തുതന്നെയാണ് പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് വിമത നീക്കം അരങ്ങേറിയത്.
ഡൽഹിയിൽ വെച്ച് നടന്ന രഹസ്യയോഗത്തിൽ ഇരുപതോളം തൃണമൂൽ എംപിമാർ പങ്കെടുത്തതായാണ് സൂചനകൾ. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുന്നില്ലെന്നും, നേതൃത്വത്തിന്റെ ഏകപക്ഷീയമായ പ്രവർത്തന ശൈലിയിൽ വിയോജിപ്പുണ്ടെന്നുമാണ് വിമത വിഭാഗത്തിന്റെ പ്രധാന പരാതി.
പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട്, യോഗത്തിന് പിന്നാലെ പത്തോളം വിമത എംപിമാർ മുതിർന്ന ബിജെപി നേതാവ് ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി ചർച്ചകൾ നടത്തി. ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് തൃണമൂലിലെ വിള്ളൽ പരസ്യമായത്. ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യ ചർച്ചകൾക്ക് മമത നേതൃത്വം നൽകുന്നതിനിടെ സ്വന്തം പാളയത്തിലുണ്ടായ ഈ അട്ടിമറി നീക്കം തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും വലിയ രാഷ്ട്രീയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.






