14 വയസ്സുകാരിയെ ബസിൽ വെച്ച് ഉപദ്രവിച്ചു: ബന്ധുവിന് 11 വർഷം കഠിനതടവ്

ഉല്ലാസയാത്രയ്ക്കിടെ 14 വയസ്സുകാരിയായ ബന്ധുവിനെ ബസിൽ വെച്ച് ഉപദ്രവിച്ച കേസിൽ 54-കാരന് 11 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം തിരുവാലി കൊളക്കാട്ടിരി സ്വദേശിയെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി (പോക്സോ) ജഡ്ജി കെ.എസ്. വരുൺ ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കിൽ എട്ട് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം.

​​2023 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ബസിൽ വെച്ചാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. പെൺകുട്ടിയുടെ പരാതിയിൽ എടവണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി ഉത്തരവിട്ട പിഴ തുക ലഭിക്കുകയാണെങ്കിൽ അത് അതിജീവിതയ്ക്ക് നൽകണമെന്നും വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്. ശിക്ഷാവിധിക്ക് പിന്നാലെ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

​എടവണ്ണ സബ് ഇൻസ്‌പെക്ടറായിരുന്ന വി. വിജയരാജന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 22 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു.
​ശാസ്ത്രീയമായ തെളിവുകളും അതിജീവിതയുടെയും മറ്റ് സാക്ഷികളുടെയും മൊഴികളും പ്രതിക്കെതിരായ കുറ്റം തെളിയിക്കുന്നതിൽ നിർണ്ണായകമായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Leave a Reply

Your email address will not be published. Required fields are marked *