സംസ്ഥാനത്തെ സമീപകാല പൊലീസ് സ്ഥലംമാറ്റങ്ങളിൽ ഐപിഎസ് ഉദ്യോഗസ്ഥർക്കിടയിൽ വ്യാപക പ്രതിഷേധം. ഡിജിപി ഘോരിലാൽ കേശ്വതിനെ നേരിൽക്കണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ തങ്ങളുടെ ശക്തമായ അതൃപ്തി അറിയിച്ചു. അർഹമായ പരിഗണന ലഭിച്ചില്ലെന്ന പരാതിയുമായാണ് ഒരുവിഭാഗം ഉദ്യോഗസ്ഥർ രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ കഴിഞ്ഞ ദിവസങ്ങളിലായി വ്യാപകമായ സ്ഥലംമാറ്റങ്ങളാണ് പൊലീസ് വകുപ്പിൽ നടന്നത്. എന്നാൽ, ഈ പുനഃസംഘടനയിൽ സീനിയോറിറ്റിയും മുൻകാല പ്രവർത്തന പരിചയവും അർഹമായ രീതിയിൽ പരിഗണിക്കപ്പെട്ടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം.
സ്ഥലംമാറ്റ പട്ടിക തയ്യാറാക്കിയതിൽ വ്യക്തമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ ആരോപിക്കുന്നു.മികച്ച ട്രാക്ക് റെക്കോർഡുള്ള പല മുതിർന്ന ഉദ്യോഗസ്ഥരെയും ലൂപ്പ് ലൈൻ (അപ്രധാന) തസ്തികകളിലേക്ക് മാറ്റിയതിൽ വലിയ പ്രതിഷേധമുണ്ട്. ചിലർക്ക് താല്പര്യമുള്ള തസ്തികകൾ നൽകിയപ്പോൾ, മറ്റുള്ളവരോട് വിവേചനം കാണിച്ചതായും ഡിജിപിയെ ധരിപ്പിച്ചിട്ടുണ്ട്.
വിഷയത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ അസംതൃപ്തി ഗൗരവത്തോടെയാണ് പോലീസ് ആസ്ഥാനം വീക്ഷിക്കുന്നത്. ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള അഴിച്ചുപണികളോ തിരുത്തലുകളോ ഉണ്ടാകുമോ എന്നാണ് ഇനി അറിയേണ്ടത്.






